Breaking News

ഉദ്ഘാടന മല്‍സരത്തിനെത്തിയവര്‍ക്കെല്ലാം കൈ നിറയെ സമ്മാനങ്ങള്‍ നല്‍കി ഖത്തര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഉദ്ഘാടന മല്‍സരത്തിനെത്തിയവര്‍ക്കെല്ലാം കൈ നിറയെ സമ്മാനങ്ങള്‍ നല്‍കിയും ഖത്തര്‍ ഫുട്‌ബോള്‍ ആരാധകരെ വിസ്മയിപ്പിച്ചു. വിശിഷ്ട അതിഥികള്‍ക്ക് വിലപ്പെട്ട പാരിതോഷികങ്ങള്‍ നല്‍കുകയെന്ന അറേബ്യന്‍ പാരമ്പര്യമാണ് പരമ്പരാഗത അറബ് ടെന്റിന്റെ മാതൃകയില്‍ നിര്‍മിച്ച അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലെത്തിയ ഫുട്‌ബോള്‍ ആരാധകര്‍ക്ക് നല്‍കിയ സമ്മാനപ്പൊതികളിലൂടെ ഇന്നലെ ഖത്തര്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്.

സ്റ്റേഡിയത്തില്‍ പ്രവേശിച്ച ഓരോരുത്തരും തങ്ങളുടെ ഇരിപ്പിടങ്ങളില്‍ കണ്ട സമ്മാനപ്പൊതി കണ്ട് ഞെട്ടി. പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനിയുടെ കായിക ജീവിതത്തിന്റെ ഓര്‍മകുറിപ്പായി ഉദ്ഘാടന വേദിയില്‍ അനാച്ഛാദനം ചെയ്ത ഓട്ടോ ഗ്രാഫോടെയുളള ജഴ്‌സി, അറേബ്യന്‍ സുഗന്ധത്തിന്റെ പ്രതീകമായി ഊദ്, അത്തര്‍, ഇലക്ട്രിസിറ്റിയില്‍ ശോഭിക്കുന്ന ഫിഫയുടെ എംബ്‌ളം, ഫിഫ 2022 മാസ്‌കോട്ട് ലഈബ്, ബാഡ്ജ്, ടൈ പിന്‍ തുടങ്ങിവയാണ് പ്രത്യേകമായ ബ്രാന്‍ഡ് ചെയ്ത് തയ്യാറാക്കിയ തുണിസഞ്ചിയില്‍ സമ്മാനമായി നല്‍കിയത്.