IM Special

ഫിഫ ലോകകപ്പ് ഉദ്ഘാടന വേദിയിലെ താരമായി ഖത്തറിന്റെ അല്‍ഭുത ബാലന്‍, ഗാനിം അല്‍ മുഫ്ത

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ ലോകകപ്പ് ഉദ്ഘാടന വേദിയിലെ താരമായി ഖത്തറിന്റെ അല്‍ഭുത ബാലന്‍, ഗാനിം അല്‍ മുഫ്ത. പ്രസക്തമായ വാചകങ്ങളും പ്രചോദനാത്മകമായ ജീവിതവും കൊണ്ട് ലോകത്തിന് ഐക്യത്തിന്റേയും സഹിഷ്ണുതയുടേയും സാഹോദര്യത്തിന്റേയും സൗഹൃദത്തിന്റേയും സന്ദേശങ്ങള്‍ നല്‍കിയ ഗാനിം അല്‍ മുസ്തഫയെക്കുറിച്ചാണ് ഇന്ന് പലരും ഗൂഗിളില്‍ അന്വേഷിച്ചത്.

ഗാനിം അല്‍ മുഫ്തയും ജനനവും വളര്‍ച്ചയും ചരിത്രവും വിശദമായി പരാമര്‍ശിക്കുന്ന ലേഖനങ്ങളാണ് വിവിധ ഭാഷകളിലുള്ള മാധ്യമങ്ങളില്‍ സ്ഥലം പിടിച്ചത്. വാസ്തവത്തില്‍ എന്താകാം ഭിന്നശേഷിക്കാരനായ ഈ ഖത്തരീ യുവാവിനെ ഇത്രയും ശ്രദ്ധേയനാക്കിയത്.

ലോകകപ്പ് ഉദ്ഘാടന വേദിയില്‍ വിഖ്യാത ഹോളിവുഡ് താരം മോര്‍ഗന്‍ ഫ്രീമാനൊപ്പം വിശ്വ മാനവികതയുടെയും ഏക സാഹോദര്യത്തിന്റെയും ഭാഷണം പങ്കിടാന്‍ ഗാനിം അല്‍ മുഫ്തായ്ക്ക് അവസരം നല്‍കിയതിലൂടെ ഖത്തര്‍ ലോകകപ്പ് വലിയൊരു സന്ദേശവും പ്രചോദനവുമാണ് ലോകത്തിന് നല്‍കുന്നത്

ഖത്തറിനകത്തും പുറത്തുമുള്ള നിരവധി ചെറുപ്പക്കാരെ നിരന്തരായയി പ്രചോദിപ്പിക്കുന്ന , വൈകല്യങ്ങളെ സാധ്യതകളാക്കി യുവതലമുറയെ വിസ്മയിപ്പിക്കുന്ന പ്രതിഭയാണ് ഗാനിം അല്‍-മുഫ്ത. യുട്യൂബില്‍ 816,000 സബ്സ്‌ക്രൈബര്‍മാരും ഇന്‍സ്റ്റാഗ്രാമില്‍ 30 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഖത്തരി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ഗാനിം അല്‍ മുഫ്ത യൂണിവേര്‍സിറ്റി വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമൊക്കെ നിരവധി മോട്ടിവേഷണല്‍ ക്‌ളാസുകളെടുക്കാറുണ്ട്. എന്നാല്‍ ഇന്നലെ അദ്ദേഹം ലോകത്തിന് മുഴുവന്‍ സ്റ്റഡി ക്‌ളാസെടുത്തുകൊണ്ടാണ് ശ്രദ്ധേയനായത്.


ലോകപ്രശസ്ത നടന്‍ മോര്‍ഗന്‍ ഫ്രീമാനും ഫിഫ ലോകകപ്പ് അംബാസഡര്‍ ഗാനിം അല്‍-മുഫ്തായും ഏറെ നാടകീയമായാണ് ഫിഫ ലോകകപ്പ് ഖത്തറിന്റെ 2022 ഉദ്ഘാടന ചടങ്ങിന് നേതൃത്വം നല്‍കിയത്. സഹിഷ്ണുതയും സാഹോദര്യവുമാണ് മാനവകുലത്തിന്റെ മുഖമുദ്രയെന്നും വര്‍ണ വര്‍ഗ വ്യത്യാസമില്ലാതെ നന്മയുടേയും സൂക്ഷ്മതയുടേയുമടിസ്ഥാനത്തില്‍ മാത്രമാണ് മനുഷ്യ ഔന്നത്യമെന്നുള്ള പ്രസക്തമായ ആശയമാണ് അവര്‍ അടയാളപ്പെടുത്തിയത്.


ബോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനും എന്ന ചെറുപ്പക്കാരനും രണ്ട് വ്യത്യസ്ത പാലങ്ങള്‍ക്കു മുകളില്‍ നിന്ന് സംഭാഷണമാരംഭിക്കുന്നു. മനുഷ്യര്‍ക്കിടയിലെ അഭിപ്രായാന്തരങ്ങളും വീക്ഷണവൈവിധ്യവും അന്യായ വിവേചനങ്ങളുമാണ് സംഭാഷണവിഷയം. ഭാഷയിലും വര്‍ണ്ണത്തിലും ദേശത്തിലും ശാരീരഘടനയിലുമുള്ള വൈവിധ്യത്തെ ജാതിനിര്‍മ്മാണത്തിനും ഉച്ചനീചത്വത്തിനും വിവേചനത്തിനും ആധാരമാക്കുന്ന സംസ്‌കൃതികളെ.. മനുഷ്യബോധങ്ങളെ… ഉദാത്ത ശൈലിയില്‍ പൊളിച്ചടുക്കിയ ഗാനിം അല്‍ മുഫ്്ത പാരായണം ചെയ്ത വിശ്രുത ഖുര്‍ആന്‍ വചനം ഇന്നും കാതുകളില്‍ പ്രതിധ്വനി സൃഷ്ടിക്കുന്നു.


ഗാനിമിന്റെ വിവരണം ഫ്രീമാന്‍ യഥോചിതം ഉള്‍ക്കൊള്ളുന്നു. വൈകാതെ ഇരുവരും നിലയുറപ്പിച്ച പാലങ്ങള്‍ ഏകപാലമായി പരിവര്‍ത്തിതമാവുന്നു.സംഭാഷണം പൂര്‍ത്തിയാവുന്ന മുറക്ക് വ്യത്യസ്ത സംസ്‌കൃതികള്‍ കൈകോര്‍ക്കുന്ന മോഹനചിത്രം കലാവിഷ്‌ക്കാരമായി അരങ്ങേറുന്നു.സമാപനത്തിലേക്കെത്തുമ്പോള്‍ കിഴക്കു – പടിഞ്ഞാറുകളുടെ പ്രതിനിധാനങ്ങളായ രണ്ട് ഗായകര്‍ പാടിത്തിമര്‍ത്ത് പാലത്തിന്റെ രണ്ടറ്റങ്ങളിലൂടെ കേറിവന്ന് മധ്യത്തില്‍ സംഗമിക്കുന്ന മനോഹര കാഴ്ച. മനുഷ്യ സമത്വവും സാഹോദര്യവും ഐക്യവും സഹകരണവും ഇതിലും ഭംഗിയായി അവതരിപ്പിക്കാനാവില്ല. വംശീയ ദേശീയ അസമത്വങ്ങളുടേയും വിമര്‍ശങ്ങളുടേയും ശക്തികള്‍ക്ക് ഇതിലും ക്രിയാത്മകമായ മറുപടിയും കൊടുക്കാനാവില്ല.

2002 മെയ് 5 ന് ക്രൗഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം എന്ന വിചിത്രമായ വൈകല്യങ്ങളോടെയാണ് ഇരട്ട സഹോദരന്മാരിലൊരാളി ഗാനിമിന്റെ ജനനം. അരക്കുതാഴെയില്ലെങ്കിലും ജീവിതത്തിന്റെ ഉയര്‍ന്ന സ്വപ്‌നങ്ങളുമായി ച്രചോദനങ്ങളുടെ പ്രചാരകനായാണ് ഗാനിം വളര്‍ന്നത്. ആണ്‍കുട്ടികളില്‍ ഒരാള്‍ ഗുരുതരമായ വൈകല്യമുള്ളവനായി മാറുകയും ജീവിത സാധ്യത വളരെ കുറവാണെന്ന് ഡോക്ടര്‍മാര്‍ പ്രവചിക്കുകയും ചെയ്തു. ഗര്‍ഭച്ഛിദ്രം നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിച്ചെങ്കിലും ഉമ്മ വിസമ്മതിച്ചു. തന്റെ രണ്ട് ആണ്‍കുട്ടികളും ഒരുമിച്ച് വളരുമെന്ന് അവര്‍ പ്രതിഞ്ജ ചെയ്തു. തന്റെ ഉമ്മയുടെ ഇച്ഛാശക്തിയാണ് തനിക്ക് ലഭിച്ചതെന്നത് അല്‍ മുഫ്ത അടിവരയിടുന്നു.

ചെറുപ്പകാലം മുതല്‍, ഫുട്‌ബോള്‍, സ്‌കേറ്റിംഗ്, ജൂഡോ, മുതലായവയില്‍ പരിശീനവും വൈദഗ്ധ്യവും നേടിയെടുക്കാന്‍ മുഫ്താക്ക് കഴിഞ്ഞു. ഇന്ന്, സ്‌കൂബ ഡൈവിംഗ്, ഐസ് ഹോക്കി, പര്‍വതാരോഹണം എന്നിവയില്‍ കൂടി മുഫ്താ കഴിവ് തെളിയിച്ചു. 2016 ല്‍ ഒമാനിലെ ഹജാര്‍ പര്‍വതനിരകളിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ ജബല്‍ ഷംസില്‍ അദ്ദേഹം കയറി. ഇതെല്ലാം ഉമ്മയോടുള്ള നന്ദിയാണെന്ന് അദ്ദേഹം സ്ഥിരമായി ഊന്നിപ്പറയുന്നു. പോസിറ്റീവായിരിക്കാന്‍ അവര്‍ എന്നെ പഠിപ്പിച്ചു. ജീവിതം മനോഹരമാണെന്നും അസാധ്യമായി ഒന്നുമില്ലെന്നും അവര്‍ എനിക്ക് കാണിച്ചുതന്നു.

അതിമോഹമുള്ള ഒരു കായികതാരം എന്നതിലുപരി, അല്‍ മുഫ്ത ഒരു വിജയകരമായ സംരംഭകനും മോട്ടിവേഷണല്‍ സ്പീക്കറുമാണ് ആറ് ലൊക്കേഷനുകളും അറുപത് ജീവനക്കാരുമുള്ള ഗാരിസ്സ ഐസ്‌ക്രീം എന്ന കമ്പനിയുടെ സ്ഥാപകനാണ് അദ്ദേഹം. അതിനെ ഒരു ആഗോള ഫ്രാഞ്ചൈസിയാക്കി മാറ്റുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കൂടാതെ, അല്‍ മുഫ്ത നിരവധി അസോസിയേഷനുകളും സ്ഥാപിച്ചു. ഗാനിം അസോസിയേഷനുമായി ചേര്‍ന്ന് അദ്ദേഹം സാമ്പത്തിക ശേഷിയില്ലാത്ത ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വീല്‍ചെയറുകളും മറ്റു സൗകര്യങ്ങളും ചെയ്യുന്നു. നയതന്ത്ര പ്രതിനിധിയാവുകയെന്നതാണ് തന്റെ സ്‌വപ്‌നമെന്നും അതിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്നും ഈ ഇരുപതുകാരന്‍ പറയുമ്പോള്‍ നാമെല്ലാം വിസ്മയിച്ചുപോകും.

ഖത്തറിനകത്തും പുറത്തുമുള്ള നിരവധി സേവനഫോറങ്ങളുടെ ബ്രാന്‍ഡ് അംബാസറായു മുന്‍നിരയിലുള്ള അദ്ദേഹം 2015 മുതല്‍ റീച്ച് ഔട്ട് ടു ഏഷ്യയ ഗുഡ്‌വില്‍ അംബാസിഡര്‍, ചൈല്‍ഡ് ഫുഡ് അംബാസിഡര്‍,ഖത്തര്‍ ഫിന്‍ന്‍ഷ്യല്‍ സെന്റര്‍ ബ്രാന്‍ഡ് അംബാസിഡര്‍ തുടങ്ങിയ നിലകളിലെല്ലാം ഗാനിം അല്‍ മുഫ്ത പ്രവര്‍ത്തിക്കുന്നു.

എല്ലാ ജീവിതസൗകര്യമുണ്ടായിട്ടും ഒന്നും ചെയ്യാത്തവരേയും ചില ജീവിത പ്രയാസങ്ങളാല്‍ ഒഴിവ് കഴിവ് കണ്ടെത്തി മാറി നില്‍ക്കുന്നവരെയും മാത്രമല്ല എല്ലാ മനുഷ്യരേയും തന്റെ വാക്കുകളും പ്രവര്‍ത്തികളും ജീവിതവും കൊണ്ട് നിരന്തരമായി പ്രചോദിപ്പിച്ചുകൊണ്ടാണ് ഈ ചെറുപ്പക്കാരന്‍ തന്റേയും മറ്റുള്ളവരുടേയും ജീവിതം മനോഹരമാക്കുന്നത്.

Related Articles

Back to top button
error: Content is protected !!