Archived ArticlesBreaking News

ഖത്തറില്‍ ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡി തെരഞ്ഞെടുപ്പ് ഇന്ന്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള അപെക്സ് ബോഡികളായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനലവന്റ് ഫോറം, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ എന്നിവയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് ഇന്ന് ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ രാത്രി 9 മണി വരെ നടക്കും.ഡിജിപോള്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഐഡി വെരിഫൈ ചെയ്തവര്‍ക്കാണ് വോട്ട് ചെയ്യാനാവുക. ഓണ്‍ ലൈനിലായതിനാല്‍ ദോഹയിലില്ലാത്ത അംഗങ്ങള്‍ക്കും വോട്ടുചെയ്യാനായേക്കും.

അയ്യായിരത്തിലധികം അംഗങ്ങളുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനലവന്റ് ഫോറം തെരഞ്ഞെടുപ്പിലാണ് കൂടുതല്‍ വാശിയേറിയ പ്രചാരണങ്ങള്‍ നടക്കുന്നത്. ഐസിബിഎഫ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മല്‍സരം കടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലെ ജനറല്‍ സെക്രട്ടറി സാബിത് സഹീറും കേരള ബിസിനസ് ഫോറം പ്രസിഡണ്ട് ഷാനവാസ് ബാവയും തമ്മിലാണ് മല്‍സരം.

മൂവായിരത്തിലധികം അംഗങ്ങളുള്ള ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മുന്‍ പ്രസിഡണ്ട് കൂടിയായ എ.പി. മണി കണ്ഠന്‍ രംഗത്തുണ്ട്. എതിരാളിയായി പൂക്കാകിലത്ത് നാസിറുദ്ധീനാണുള്ളത്.

രണ്ടായിരത്തിലധികം അംഗങ്ങളുള്ള ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഇ.പി.അബ്ദുറഹിമാനും ആശിഖ് അഹ് മദും തമ്മിലാണ് മല്‍സരം.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇന്ന് രാത്രി തന്നെ ഫലമറിയാനാകും.