IM Special

ശബ്ദഗാംഭീര്യം കൊണ്ടും വശ്യമായ അവതരണ ശൈലികൊണ്ടും വേദികള്‍ കീഴടക്കി അബി ചുങ്കത്തറ


ഡോ.അമാനുല്ല വടക്കാങ്ങര

ഖത്തര്‍ മലയാളികളുടെ കലാ സാംസ്‌കാരിക വേദികളില്‍ തന്റെ അനുഗൃഹീത ശബ്ദം കൊണ്ടും അവതരണ രീതികൊണ്ടും ശ്രദ്ധേയനാവുകയാണ് നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി മുഹമ്മദ് അബി എന്ന അബി ചുങ്കത്തറ

സരസവും സ്പഷ്ടവുമായ വാക്ചാതുരി കൊണ്ട് പ്രേക്ഷകരെ സദസ്സില്‍ പിടിച്ചിരുത്തുന്ന ഈ അവതാരകന്‍ കുറഞ്ഞ കാലംകൊണ്ട് നൂറോളം വേദികള്‍ പിന്നിട്ടുകൊണ്ട് കല സാഹിത്യ പ്രേമികളുടെ ഇഷ്ടതാരമാവുകയാണ് .


ബിരുദവും കംപ്യൂട്ടര്‍ ഡിപ്‌ളോമയും സ്വന്തമാക്കിയ അബി കുവൈത്തിലാണ് പ്രവാസ ജീവിതം ആരംഭിച്ചത്. നാട്ടില്‍ പ്രാദേശിക ക്‌ളബ്ബുകളുടെ പരിപാടികളിലും മറ്റും സജീവമായിരുന്നെങ്കിലും പ്രവാസ ലോകത്തെത്തിയപ്പോള്‍ അബി നിശബ്ദനാവുകയായിരുന്നു. പത്തു വര്‍ഷത്തോളം കുവൈത്തില്‍ ജോലി ചെയ്ത് ഖത്തറിലെത്തിയപ്പോഴാണ് അബിയുടെ അവതാരകന്‍ ഉയിര്‍ത്തെഴുന്നേറ്റത്.

ഏതാനും വര്‍ഷങ്ങള്‍ക് മുമ്പ് തന്റെ നാട്ടുകാരുടെ പ്രവാസി കൂട്ടായ്മയായ ഖത്തര്‍ നിലമ്പൂര്‍ കൂട്ടത്തിന്റെ വേദിയിലേക്ക് പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനായ ഹൈദര്‍ ചുങ്കത്തറയാണ് അബി ചുങ്കത്തറയെ പരിചയപ്പെടുത്തിയത്. നാട്ടുകാരുടെ കൂട്ടായ്മയിലെ മികച്ച പ്രകടനം അബി എന്ന വ്യക്തിയിലെ മികച്ച സംഘാടകനെയും , അവതാരകനെയും , അനൗണ്‍സറെയും കണ്ടെത്താന്‍ സഹായകമായി. അങ്ങനെയാണ് ആദ്യമായി ഖത്തര്‍ ദേശീയ കായികദിനത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന ചാലിയാര്‍ ദോഹ സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ അവതാരകനാവാന്‍ അവസരം ലഭിച്ചത്.

ഖത്തറില്‍ നിരവധി കലാകാരന്മാരേയും ലീഡര്‍മാരെയും വാര്‍ത്തെടുത്ത് ലീഡര്‍ ഓഫ് ദ ലീഡേര്‍സ് ബഹുമതി സ്വന്തമാക്കിയ സംഘാടകനും സാമൂഹ്യ പ്രവര്‍ത്തകനും ചാലിയാര്‍ ദോഹയുടെ ഫൗണ്ടര്‍ പ്രസിഡന്റുമായ മശ്ഹൂദ് തിരുത്തിയാടാണ് അബിയെ ഈ ഉത്തരവാദിത്തം ഏല്‍പ്പിച്ചത്. മലപ്പുറം കാല്‍പന്തുകളിയാവേശവും കായികവികാരവും സമന്വയിപ്പിച്ച അബിയുടെ കമന്ററിയും അവതരണവും സംഘാടകരുടേയും പൊതുജനങ്ങളുടേയും കയ്യടി വാങ്ങിയതോടെ അബി ചുങ്കത്തറ എന്ന അവതാരകന്‍ ആയിരങ്ങളുടെ മനസ്സ് കീഴടക്കുകയായിരുന്നു. പിന്നീടങ്ങോട്ട് അബിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മിക്ക ആഴ്ചകളിലും വിവിധ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മകളുടെ ഒന്നിലധികം പരിപാടികളുടെ വേദി അബിക്ക് സ്വന്തമായി.

ഇപ്പോള്‍ മലപ്പുറം , കോഴിക്കോട് ജില്ലകളിലെ വിവിധ പ്രവാസി കൂട്ടായ്മകളുടെ പരിപാടികളില്‍ , നിരവധി ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ , സ്റ്റേജ് ഷോകളില്‍ , ഇന്‍കാസ് , കെഎംസിസി, തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ വേദികളില്‍ എല്ലാം അബി നിറസാന്നിധ്യമാണ് .

ഖത്തറിന്റെ കലാസാംസ്‌കാരിക വേദികളിലെ നിറസാന്നിധ്യമായിരുന്ന ഈസക്കയാണ് അബിയെ കെ.എം.സി.സി വേദികളിലെത്തിച്ചത്. കെ.എം.സിസി മലപ്പുറം ജില്ലാ കമ്മറ്റിയുടെ വിവിധ പരിപാടികളില്‍ അവതാരകനായെത്തിയ അബി സംസ്ഥാന കമ്മറ്റിയുടെ നവോല്‍സവ് 2കെ24 ലും അവതാരകനായി ജനങ്ങളെ കയ്യിലെടുത്തിരുന്നു. നാട്ടിലെ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ കമന്ററികള്‍ പലര്‍ക്കും ഗൃഹാതുര ഓര്‍മകളാണ് സമ്മാനിച്ചത്.

ഖത്തറിലെ വിവിധ പരിപാടികളില്‍ പ്രമുഖ കലാകാരന്മാരായ കൊല്ലം ഷാഫി , അക്ബര്‍ ഖാന്‍ , രഹ്ന , താജുദ്ധീന്‍ വടകര , സലിം കോടത്തൂര്‍ , ഫിറോസ് നാദാപുരം തുടങ്ങിയവരുടെ പരിപാടികളില്‍ അവതാരകനാവാന്‍ അബിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ജൂണ്‍ 20 ന് ഡിപിഎസ് ഓഡിറ്റോറിയത്തില്‍ നടന്ന ഡോം ഖത്തര്‍ മല്‍ഹാര്‍ സീസണ്‍ 2 ന്റെ വേദിയില്‍ ഗോപിനാഥ് മുതുകാട് , കണ്ണൂര്‍ ശരീഫ് എന്നിവര്‍ക്കൊപ്പം അവതാരകനായി ഏറെ പ്രശംസ പിടിച്ചു പറ്റിയ അബി ചുങ്കത്തറ പൊതുവേദികളിലെ തന്റെ സ്വീകാര്യത ഒന്നുകൂടി ഉറപ്പിച്ചു.

ആങ്കറിങ് തന്റെ പാഷനാണെന്നും ഏത് തിരക്കുകള്‍ക്കിടയിലും ലഭിക്കുന്ന അവസരങ്ങള്‍ സന്തോഷത്തോടെ പ്രയോജനപ്പെടുത്തുമെന്നും അബി പറഞ്ഞു.

ഈ ഒരു രംഗത്തേക്ക് കടന്നു വന്നതോടെ ഒട്ടനവധി സൗഹൃദങ്ങള്‍ ഉണ്ടായതായും അതിനു വഴിയൊരുക്കിയ ഹൈദര്‍ ചുങ്കത്തറ , മഷ്ഹൂദ് തിരുത്തിയാട് എന്നിവരോട് എന്നും സ്‌നേഹവും കടപ്പാടും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറയുമ്പോള്‍ ആ ആറ്റിറ്റിയൂഡ് ഓഫ് ഗ്രാറ്റിറ്റിയൂഡിനെ പ്രശംസിക്കാതിരിക്കാനാവില്ല.

നിലമ്പൂര്‍ ചുങ്കത്തറയില്‍ കുഞ്ഞിമൊയ്ദീന് റുഖിയ ദമ്പതികളുടെ സീമന്ത പുത്രനായ അബിക് അധ്യാപികയായ ഭാര്യ ഫമീനയുടേയും മക്കളായ സയാന്‍ , ഹാരിത് , റിതു ഹാഷ്മി എന്നിവരുടേയും നിറഞ്ഞ പിന്തുണകൂടിയാകുന്നതോടെ വേദികളില്‍ നിന്നും വേദികളിലേക്കുള്ള അബിയുടെ മുന്നേറ്റം കൂടുതല്‍ ആവേശോജ്വലമാകുന്നു.

കഴിഞ്ഞ 6 വര്‍ഷമായി ഖത്തറിലെ ആര്‍ഗസ് ഷിപ്പിംഗ് എന്ന സ്ഥാപനത്തില്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജരായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് ആര്‍ഗസ് എംഡി ജംഷിയും സഹപ്രവര്‍ത്തകരും നല്‍കുന്ന പ്രോത്സാഹനവും നന്ദിയോടെ മാത്രമേ ഓര്‍ക്കാനാകൂവെന്ന് അബി പറഞ്ഞു.