Local News

അക്ഷര നഗരി അസോസിയേഷന്‍ ഓണാഘോഷം

ദോഹ : ഖത്തറിലെ കോട്ടയം നിവാസികളുടെ സംഘടനയായ അക്ഷര നഗരി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ‘അക്ഷരനഗരിയുടെ പൊന്നോണം 2കെ5’ ഓക്ടോബര്‍ മൂന്നാം തിയതി വെള്ളിയാഴ്ച ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തുമാമ ക്യാമ്പസില്‍ നടന്നു.
അക്ഷരനഗരി അസോസിയേഷന്‍ പ്രസിഡന്റ് വര്ഗീസ് വന്നല എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. ഈഷ് സിംഗാള്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന്‍, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ടി ബാവ, ഐസിബിഎഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി, ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്ടര്‍ ജീസ് ജോസഫ്, ദോഹ സെന്റ് പീറ്റേഴ്‌സ് ക്‌നാനായ പള്ളി വികാരി റവ. ഫാ. അജു, തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഓണാഘോഷത്തില്‍ പങ്കെടുത്തു ആശംസ നേര്‍ന്നു. മനോഹരമായ അവതരണത്തിലൂടെ ആര്‍.ജെ. ജിബിന്‍ ഓണാഘോഷത്തിന് വേറിട്ടൊരു ചാരുത നല്‍കി.
കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ പ്രിയങ്കരിയായ നഥാനിയ ലെല വിപിന്റെ മോട്ടിവേഷണല്‍ പ്രസംഗം ഈ ഓണാഘോഷ പരിപാടിയെ ശ്രദ്ധേയമാക്കി.
കഴിഞ്ഞ അധ്യയന വര്‍ഷം പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അക്ഷര നഗരി ആദരിച്ചു. കല കായിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച അംഗങ്ങളെയും, പരിപാടികള്‍ക്ക് സ്പോണ്‍സര്‍ഷിപ് നല്‍കിയവരെയും, വിവിധ മേഖലകളില്‍ പരിപാടിക്ക് സഹായം നല്‍കിയവരെയും അക്ഷര നഗരി അസോസിയേഷന്‍ ആദരിച്ചു.
വിഭവ സമൃദ്ധമായ സദ്യ, കനല്‍ മേളം സമിതി നയിച്ച പഞ്ചാരി മേളം, സിനിമാറ്റിക് ഡാന്‍സുകള്‍, തിരുവാതിര, അക്ഷര നഗരി അസോസിയേഷനിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍, അത്തപ്പൂക്കളം, ഖത്തറിലെ പ്രമുഖ കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ ലൈവ് സംഗീത നിശ എന്നിവ കാണികള്‍ക്കു ആവേശം പകര്‍ന്നു. നാടിന്റെ ശക്തി വിളിച്ചോതുന്ന വടംവലിയോടുകൂടി ഓണാഘോഷ പരിപാടികള്‍ സമംഗളം പര്യവസാനിച്ചു.
അക്ഷര നഗരി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജെസ്സില്‍ മാര്‍ക്കോസ് സ്വാഗതവും ഓണാഘോഷത്തില്‍ വൈസ് പ്രസിഡന്റ് ബിനോയ് എബ്രഹാം പാമ്പാടി നന്ദിയും പറഞ്ഞു.