Local News

സി.ഐ.സി റയ്യാന്‍ സോണ്‍ വിനോദയാത്ര സംഘടിപ്പിച്ചു

ദോഹ : സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാന്‍ സോണ്‍ ‘ഈലാഫ്’ (ഇണക്കം) എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച വിനോദയാത്ര പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി.

രാവിലെ മുതല്‍ രാത്രി 9 മണിവരെ നീണ്ടുനിന്ന പരിപാടിയില്‍ അഞ്ച് ടീമുകളായി വിവിധ വിനോദ മത്സര പരിപാടികള്‍ അരങ്ങേറി. ഗസല്‍ ടീം ഓവറോള്‍ ചാമ്പ്യന്‍മാരായി. ലെപോഡ്, അബാബീല്‍ ടീമുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

സോണല്‍ പ്രസിഡന്റ് ടി.കെ. സുധീര്‍ പരിപാടികള്‍ക്ക് ആരംഭം കുറിച്ചു. അബ്ദുല്‍ ഹമീദ് എടവണ്ണ, അഹമദ് ഷാഫി, അബ്ദുല്‍ വാഹദ് എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ പരിപാടികള്‍ ഷിബിലി സിബ്ഗതുള്ളാഹ്, അഷ്റഫ് എ.പി. എന്നിവര്‍ നിയന്ത്രിച്ചു.

വിജയികള്‍ക്ക് സോണല്‍ വൈസ് പ്രസിഡന്റുമാരായ സുഹൈല്‍ ശാന്തപുരം, സുബുല്‍ അബ്ദുല്‍ അസീസ്, സെക്രട്ടറി അബ്ദുല്‍ ജലീല്‍ എം.എം എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഇന്റര്‍സോണ്‍ കലാ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ സ്‌കിറ്റിന്റെ ദൃശ്യാവിഷ്‌കാര പ്രദര്‍ശനോല്‍ഘാടനം തനിമ സോണല്‍ ഡയറക്ടര്‍ മുഹമ്മദ് റഫീഖ് തങ്ങള്‍ നിര്‍വഹിച്ചു.

കുട്ടികളും കുടുംബങ്ങളുമടക്കം മുന്നൂറില്‍പരം ആളുകള്‍ പങ്കെടുത്ത വിനോദയാത്ര വളണ്ടിയര്‍ ക്യാപ്റ്റന്‍ സിദ്ദീഖ് വേങ്ങര, താഹിര്‍ ടി.കെ, മുഹമ്മദ് റഫീഖ്, ഫഹദ് എന്നിവരുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍മാര്‍ നിയന്ത്രിച്ചു.