Local News

ഐ.സി.ബി.എഫ് ”ഡിജിറ്റല്‍ ഡീറ്റോക്‌സ്” പഠന പരിപാടി സംഘടിപ്പിച്ചു

ദോഹ. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനായി ഐ.സി.ബി.എഫ് നടത്തുന്ന നിരന്തര സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ഡിജിറ്റല്‍ ഡീറ്റോക്‌സ്” പഠന പരിപാടി സംഘടിപ്പിച്ചു

ഐ.സി.ബി.എഫ് കാഞ്ചാനി ഹാളില്‍, വിവിധ അസോസിയേറ്റഡ് ഓര്‍ഗനൈസേഷന്‍ പ്രതിനിധികളുടെയും കമ്മ്യൂണിറ്റി നേതാക്കളുടെയും സാന്നിധ്യത്തില്‍ നിറഞ്ഞ സദസ്സില്‍ നടന്ന പരിപാടി സദസ്യര്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.
സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ വിദ്യാഭ്യാസ വിദഗ്ധയും നൂതന സാങ്കേതിക വിദ്യകളായ എ. ഐ., ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്നീ മേഖലകളിലെ വിദഗ്ദ്ധയുമായ ഡോ. ശ്രേയാ ചതോപാദ്ധ്യായ പഠന ക്ലാസ്സിന് നേതൃത്വം നല്‍കി.
ഇന്ത്യന്‍ എംബസിയുടെ ഫസ്റ്റ് സെക്രട്ടറിയും ഐസിബിഎഫ് കോഓര്‍ഡിനേറ്റിങ് ഓഫീസറുമായ ഡോ. ഈഷ് സിങാള്‍ മുഖ്യ അതിഥിയായി പങ്കെടുത്തു.
മൊബൈല്‍ ഫോണ്‍, സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങി നമ്മെ ബാധിക്കുന്ന ജ്വരങ്ങളില്‍ നിന്നും മുക്തി നേടാനുള്ള വഴികളും അവയെ ക്രിയാത്മകമായി ഉപയോഗിക്കാനുള്ള രീതികളും സ്വാനുഭവത്തിന്റെയും പഠനങ്ങളുടെയും വെളിച്ചത്തില്‍ സദസ്യര്‍ക്ക് പകര്‍ന്ന് നല്‍കി.
ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടിയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങില്‍ പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷ പ്രസംഗം നടത്തി. അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ കെ.എസ്. പ്രസാദ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബോബന്‍, മറ്റു വിവിധ സമൂഹ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ് അതിഥിയായ ഡോ. ശ്രേയയെ പരിചയപ്പെടുത്തി. പ്രസിഡണ്ട് ഷാനവാസ് ബാവ അതിഥിക്ക് മെമന്റോ നല്‍കി ആദരിച്ചു. സെക്രട്ടറി ശ്രീ ജാഫര്‍ തയില്‍ നന്ദി പറഞ്ഞു.
എം.സി അംഗങ്ങളായ മണി ഭാരതി, ശങ്കര്‍ ഗൗഡ്, ഇര്‍ഫാന്‍ അന്‍സാരി, മിനി സിബി, ഖാജാ നിസാമുദ്ദീന്‍, നീലാംബരി എസ് അഡൈ്വസറി കൗണ്‍സില്‍ അംഗം സതീഷ് വി. എന്നിവര്‍ നേതൃത്വം നല്‍കി.