IM Special

റമദാനെ സ്വീകരിക്കുമ്പോള്‍


ഹബീബുറഹ് മാന്‍ കിഴിശ്ശേരി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഫ്രണ്ട്‌സ് കള്‍ചറല്‍ സെന്റര്‍

ഒരു അനുഗ്രഹീതമായ വിശുദ്ധ റമദാനെ കൂടി വരവേല്‍ക്കുവാന്‍ ഭൂമി ലോകവും ആകാശ ലോകവും ഒരുങ്ങിക്കഴിഞ്ഞു. ഓരോ ഇസ്ലാം മത വിശ്വാസികളുടെയും പ്രാര്‍ത്ഥനയില്‍ ഉണ്ടായിരുന്നു കഴിഞ്ഞ രണ്ടു മാസങ്ങളില്‍ റജബ് മാസത്തിലും ശഅബാന്‍ മാസത്തിലും റമദാനെ കാണാതെ മരിച്ചു പോകരുതെന്ന്. ആകാശ ലോകങ്ങളില്‍ നിന്ന് ദൈവം തമ്പുരാന്റെ മാലാഖമാര്‍ ഭൂമിലോകത്തേക്ക് നോക്കിക്കൊണ്ട് നീ ഏറ്റവും നന്മയിലേക്ക് വരിക എന്ന് വിളിയാളം ഉണ്ടാകുമെന്ന് അവന്‍ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു.റമദാന്റെ പുണ്യങ്ങള്‍ ഏറ്റുവാങ്ങിയിട്ട് മതി എനിക്ക് മരണം എന്നാണ് വിശ്വാസികളുടെ ആഗ്രഹവും സ്വപ്നവുമായിയിരുന്നത് .

ചന്ദ്രമാസ കലണ്ടറിലെ ഒമ്പതാമത്തെ മാസമാണ്് റമളാന്‍ എന്നത.് റമദ എന്ന വാക്കിനര്‍ത്ഥം ചൂട് ശക്തി ആവുക എന്നാണ് .കൊടും ദാഹത്താല്‍ അകം കരിഞ്ഞ് പോകുന്ന സമയത്ത് വേനല്‍ മഴക്കാണ് റമദ എന്ന് പറയുക. സ്വൗമ് എന്നാണ് അറബി ഭാഷയില്‍ നോമ്പിന് പറയുക . സ്വൗമ് എന്ന് പറഞ്ഞാല്‍ ഒഴിഞ്ഞു നില്‍ക്കുക, വര്‍ജ്ജിക്കുക, സൂക്ഷിക്കുക,പിടിച്ചു നില്‍ക്കുക എന്നൊക്കെയാണ് അര്‍ഥം. വിശ്വാസികളുടെ അകത്തളങ്ങളില്‍ പെയ്യുന്ന കൊടും ചൂടിലെ വേനല്‍ മഴയായിട്ടാണ് നോമ്പ് ഉപവാസം അനുഭവപ്പെടുന്നത്. സ്വൗമ് എന്ന് പറയുന്നത് പിടിച്ചു നിര്‍ത്തലാണ്. ആസക്തികളോട്, ദേഹേഛകളോട് സമരം ചെയ്തതിനു ശേഷം ഒരു പുതിയ പ്രതീക്ഷകള്‍ തളിരിടുന്ന കാലമായിട്ടാണ് റമദാനിനെ വിശ്വാസികള്‍ കാണുന്നത് . ഇതൊരു ആരാധനയുടെ ലോക മഹോത്സവമാണ്. കുടിലുകളിലും, കൊട്ടാരങ്ങളിലും പണ്ഡിതനും ദരിദ്രനും ധനികനും ഭീരുവും ധീരനും ഗ്രാമീണനും പട്ടണവാസിയും എല്ലാവരും ഒന്നിച്ചു ചേര്‍ന്നുള്ള ഒരു ആഘോഷമാണത്് . എല്ലാവരും ഒന്ന് ചേര്‍ന്നുള്ള ഒരു ആരാധനയാണ്.

മഹത്തായ റമദാനിലെ നോമ്പിലൂടെ എനിക്കും സമൂഹത്തിനും കിട്ടേണ്ടത് എന്താണ്? വിശ്വാസിയെ പരിവര്‍ത്തിച്ചെടുക്കുന്ന അവന്റെ അകങ്ങളെ വിമലീകരിക്കുന്ന ഘടകം ഏതാണ്. ?വര്‍ഷാ വര്‍ഷം വന്നു പോകുന്ന ഒരു ആചാരമായി ,ഒരു സമ്പ്രദായമായി ഈ മാസം കടന്നു പോകുന്നുവെങ്കില്‍ ഇതുകൊണ്ടെന്ത് നേട്ടമാണ് ഉള്ളത്.

അനുഗ്രഹീതമായ റമദാന്‍ വിശ്വാസിക്ക് ഇന്‍ സര്‍വീസ് കോഴ്സായി, ട്രെയിനിംഗ് പിരിയഡായി നിശ്ചയിച്ച പടച്ച തമ്പുരാന്‍ ഉദ്ദേശിക്കുന്നത് നേടാന്‍ ,അത്യുന്നതമായ ലക്ഷ്യത്തിലേക്ക് എത്താന്‍ ,വിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്. സുകൃതങ്ങളുടെ വിളവെടുപ്പ് നടത്താന്‍ ഒന്നാമതായി നമുക്ക് വേണ്ടത് തഖ്വയാണ്. സൂക്ഷ്മത എന്നാണ് തഖ്വ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സൂക്ഷ്മതയും തഖ് വ യും ജീവിതത്തിലുടനീളം ഉണ്ടാവണം.

നാമെല്ലാം മനുഷ്യരാണ് . നാം ഇടപെടുന്ന ഏത് മേഖലകളായിരുന്നാലും ശരി അവയിലെല്ലാം നമ്മുടെ സൂക്ഷമതയും ശ്രദ്ധയും ഉണ്ടാവണം. കച്ചവടത്തിലാണെങ്കില്‍, വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലാണെങ്കില്‍, അധ്യാപനത്തിലാണെങ്കില്‍ തൊഴില്‍ ശാലയിലെ തൊഴിലാളിയാണെങ്കില്‍, ഒരു കര്‍ഷകനാണെങ്കില്‍, വിദ്യാര്‍ഥിയാണെങ്കില്‍ എല്ലാ മേഖലയിലും നമുക്ക് തഖ് വ യുണ്ടാകണമെന്നാണ്. വിദ്യാര്‍ഥിയുടെ തഖ് വ യല്ല അധ്യാപകരുടെ തഖ് വ്. വീടുണ്ടാക്കുമ്പോള്‍ ,വാഹനം വാങ്ങുമ്പോള്‍ എല്ലായിടങ്ങളിലും തഖ്വ് ഉണ്ടാകണമെന്നാണ്. മുള്ളുകളുള്ള വഴിയിലൂടെ ഒരാള്‍ സഞ്ചരിക്കുമ്പോള്‍ വസ്ത്രത്തിലും ശരീരത്തിലും മുള്ളേല്‍ക്കാതിരിക്കാതെ സഞ്ചരിക്കാന്‍ എവ്വിധം സാധിക്കുമോ അതാണ് തഖ് വ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്.

ഈ ഒരു സൂക്ഷമതയാണ് നോമ്പിലൂടെ ഒരു വിശ്വാസിക്കുണ്ടാവേണ്ടത്. എത്രയെത്ര നോമ്പ് നോല്‍ക്കാത്ത നോമ്പുകാരുണ്ട്.
എത്രയെത്ര നോമ്പെടുത്ത നോമ്പ് മുറിഞ്ഞ നോമ്പ്കാരുണ്ട് എന്ന് പറയാറുണ്ട്. ആസക്തികളോടും ദേഹേഛകളോടും സമരം നടത്താന്‍ കഴിയുന്ന നോമ്പായിരിക്കണം. പകലുകള്‍ അന്ന പാനീയങ്ങളുപേക്ഷിച്ച് നോമ്പെടുത്ത് രാത്രികളില്‍ എല്ലാ തോന്നിവാസത്തിലൂടെയും നടക്കുക എന്നതല്ല . മനുഷ്യന്റെ സിരകളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യനെ വഴിതെറ്റിക്കാന്‍ പ്രതിജ്ഞയെടുത്ത ഇബ്ലീസിന്റെ ചിറകുകെട്ടാന്‍ കഴിയുന്ന നോമ്പായിരിക്കണം നമ്മുടെ നോമ്പ് .

നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ തുടങ്ങി നാം പലതും ചര്‍ച്ചചെയ്യാറുണ്ട് . ആചാരങ്ങളെ കുറിച്ച് , സമ്പ്രദായങ്ങളെ കുറിച്ച് അതിനേക്കാളപ്പുറം അതിന്റെ ആത്മീയമായ ചൈതന്യത്തെ ഉള്‍ക്കൊള്ളാനാണ് നമുക്ക് സാധിക്കേണ്ടതുണ്ട്.
ഉറക്ക് നഷ്ടവും ദാഹവും വിശപ്പും ബാക്കിയായവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങും മാത്രമാവരുത് നമ്മുടെ നോമ്പെന്നത്്. പ്രവാചകന്‍ പറഞ്ഞു മനുഷ്യ ശരീരത്തില്‍ രക്തം സഞ്ചരിക്കുന്നിടത്തെല്ലാം പിശാച് സഞ്ചരിക്കും.അതിനാല്‍ വിശപ്പുകൊണ്ട് അവന്റെ സഞ്ചാരത്തെ നിങ്ങള്‍ കുടുസ്സാക്കുക. നമ്മുടെ എല്ലാ തെറ്റായ കാര്യങ്ങളില്‍ നിന്നും കണ്ണിനെ തടഞ്ഞു നിര്‍ത്താന്‍ നമുക്ക് സാധിക്കണം.

ഇബ് ലീസിന്റെ അമ്പുകളില്‍ ഒരു അമ്പാണ് കാഴ്ച്ച.അശ്ലീലങ്ങളുടെ ലോകത്ത് , കണ്ണെഞ്ചിപ്പിക്കുന്ന കെട്ടു കാഴ്ച്ചകളുടെ ലോകത്ത് എല്ലാ വികസനത്തിന്റെ പ്രൗഢിയുടെ,പൊങ്ങച്ചത്തിന്റെ കണ്ണുടക്കി പോകുന്ന എതൊക്കെ മേഖലകളുണ്ടോ അങ്ങിനെ സ്വപ്നങ്ങള്‍ക്ക് നിറം വെപ്പിക്കുന്ന ആഗ്രഹങ്ങളെ പിടിച്ചു നിര്‍ത്താന്‍ എപ്പോഴാണോ ഒരു വിശ്വാസിക്ക് സാധിക്കുക. അതുപോലെ തന്നെയാണ് നാവിനെ സൂക്ഷിക്കുകഎന്നതും.. ഭക്ഷണത്തെ നിയന്ത്രിക്കുവാനും നമുക്ക് സാധിക്കണം. വിശപ്പ് ഒരാള്‍ അറിയുകയാണ്.കുടിലിലും കൊട്ടാരത്തിലുമുള്ളവന്‍ നോമ്പിന്റെ രുചി അറിയുന്നു. വിശപ്പ് എന്ന അനുഭവത്തെ അറിയുകയാണ്. അപ്പോള്‍ ഏറ്റവും വലിയ മനുഷ്യനെ നന്നാക്കിയെടുക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണത്തെ നിയന്ത്രിക്കുക എന്നത്.നല്ലതെല്ലാത്ത ഒന്നും വയറിലേക്ക് പോകാന്‍ പാടില്ല. അത് നിയന്ത്രിക്കുവാന്‍ നമുക്ക് സാധിക്കണം
ഒരിക്കല്‍ പ്രവാചകന്‍ (സ) പറഞ്ഞു ആയിശ നീ സ്വര്‍ഗത്തിന്റെ വാതില്‍ മുട്ടുക. പ്രവാചകന്റെ പ്രിയപ്പെട്ട പത്നി പ്രവാചകനോട് ചോദിക്കുകയാണ് . .അല്ലയോ പ്രവാചകരേ ഞാന്‍ എങ്ങനെയാണ് സ്വര്‍ഗത്തിന്റെ വാതില്‍ മുട്ടേണ്ടത്.?പ്രവാചകന്‍ പറഞ്ഞു വിശപ്പുകൊണ്ട്. വിശപ്പിലൂടെ പിശാചിനെ പ്രതിരോധിക്കുവാനുള്ള ആയുധം ലഭിക്കുന്നതോടൊപ്പം തന്നെ സ്വര്‍ഗത്തിന്റെ വാതില്‍ തുറക്കാനുള്ള താക്കോല്‍ കൂടിയാണ്. വയറിന് ആശ്വാസവും ശരീരേഛകളെ നിയന്ത്രിക്കുവാനും വിശപ്പുകൊണ്ട് സാധിക്കും പ്രശസ്തനായ പഢിതന്‍ ഇമാം ഗസ്സാലി ഈ കാര്യങ്ങളെ വിശദീകരിച്ച് കൊണ്ട് പറയുന്നത് ആറ് ദുസ്വഭാവങ്ങളിലേക്കാണ് വലിയ ഭക്ഷണ പ്രിയര്‍ നമ്മെ എത്തിക്കുന്നത്.ഒന്ന് പടച്ചവനോടുള്ള ഭയം പോകും ,രണ്ട് എല്ലാം നിസ്സാരമായി കാണും.ആരാധനയിലും ദൈവത്തില്‍ കീഴ്പ്പെടുന്നതിലും മടിയും അലസതയും നമുക്ക് വരും. ഏത് ഉപദേശവും തലയില്‍ കയറാത്ത അവസ്ഥ വരും .ഇഛകളെയും താല്‍പര്യങ്ങളെയും തടഞ്ഞു നിര്‍ത്താന്‍ കഴിയില്ല.

കേവലം ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കലല്ല നോമ്പ്. പ്രതിരോധമാണ് നോമ്പെന്നത്. അപ്പോള്‍ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുക എന്നതാണ് ഏറ്റവും എളുപ്പമുള്ള നോമ്പ് എന്ന് ജാബിര്‍ (റ) പറയുന്നുണ്ട്.
മനസ്സിനേയും ശരീരത്തെയും നിയന്ത്രിക്കുവാന്‍ കഴിയുന്ന നോമ്പാവുമ്പോഴാണ് നോമ്പിന് അതിന്റെ യഥാര്‍ഥ ചൈതന്യം ലഭിക്കുന്നത്.

ത്യാഗവും സഹനവും ഇസ് ലാമിന്റെ കരുതലാണ് എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം.മനുഷ്യനേക്കാള്‍ പ്രധാനമാണ് അല്ലാഹു,ഇഹലോകത്തേക്കാള്‍ പ്രധാനമാണ് പരലോക ജീവിതം. ശരീരത്തേക്കാള്‍ പ്രധാനമാണ്ആത്മാവ്.തന്നെക്കേള്‍ പ്രധാനമാണ് അന്യന്‍ എന്നത്. സഹനത്തിന്റെ, ത്യാഗത്തിന്റെ, ത്യജിക്കലിന്റെ ആത്മീയമായ കലയാണ് റമദാന്‍ എന്നത്.സമ്പാദിക്കലിനേക്കാള്‍ ചിലവഴിക്കുന്നതിന് പ്രാധാന്യം നല്‍കുന്ന മാസം, ഭക്ഷണത്തേക്കാള്‍ വിശപ്പിന് പ്രാധാന്യം നല്‍കുന്ന മാസം.ആ അര്‍ഥത്തില്‍ നോമ്പിനെ ഏറ്റെടുക്കുവാന്‍ നമുക്ക് സാധിക്കണം.അങ്ങിനെ മുഴുവന്‍ ത്യജിക്കലിന്റെ സ്വഭാവത്തോട് കൂടി എല്ലാറ്റിനും ദൈവത്തിന്റെ അടുത്ത് പ്രതിഫലം ലഭിക്കുമെന്ന ബോധത്തോടെ പ്രവര്‍ത്തിക്കുന്ന നോമ്പിനെ സ്വീകരിക്കുവാന്‍ അഹ് ലന്‍ വ സഹ് ലന്‍ എന്ന് പറഞ്ഞുകൊണ്ട് റമദാനെ സ്വീകരിക്കുവാന്‍ നമുക്ക് സാധിക്കണം. ജീവിതത്തില്‍ ഒരുമാസകാലം നല്ല ജീവിത വ്യവസ്ഥകള്‍ ഉണ്ടാവുകയും വരാനിരിക്കുന്ന ഒരു വര്‍ഷം തേഞ്ഞുപോയ ഈമാന്‍ പുതുക്കുവാനും നമുക്ക് സാധിക്കേണ്ടതുണ്ട്. വരാനിരിക്കുന്ന വര്‍ഷത്തില്‍ പുതിയ ബദ് ര്‍ പടപ്പറമ്പുകളെ അഭിമുഖീകരിക്കാന്‍ കഴിയുന്ന തേഞ്ഞു പോകാത്ത ഈമാനും പതറാത്ത പാദവും ചിതറാത്ത ചിത്തവും ഉണ്ടാകണമെങ്കില്‍ റമദാന്‍ ആകുന്ന തണല്‍ മരത്തില്‍ ഇരുന്ന് ഈമാനിന്റെ മാധുര്യം ആസ്വദിക്കാന്‍ നമുക്കാകണം.