IM Special

സംഗീതാസ്വാദകരുടെ മനം കവര്‍ന്ന് ഹിബ ഫാത്തിമ

ഖത്തറിലെ വിവിധ വേദികളില്‍ ശ്രദ്ധേയയായ യുവ ഗായികയാണ് ഹിബ ഫാത്തിമ. ഖത്തറിലെ സംഗീതാസ്വാദകരുടെ കൂട്ടായ്മയായ ഖ്യൂ മെലഡിയ വാട്‌സ്ആപ്പ് കൂട്ടായ്മയുടെ മുഖ്യ സംഘാടകനും ഗായകനും സാമൂഹ്യപ്രവര്‍ത്തകനുമായ റഊഫ് മലയിന്റെ മകളായ ഹിബ ഫാത്തിമ റമദാനില്‍ പുറത്തിറങ്ങിയ സലാം സയ്യിദരെ എന്ന ഒറ്റ ആല്‍ബത്തിലൂടെ ഖത്തറില്‍ അറിയപ്പെടുന്ന ഗായികയായി മാറുകയായിരുന്നു. സംഗീതാസ്വാദകരുടെ മനം കവര്‍ന്ന് മുന്നേറുകയാണ് ഈ യുവ ഗായിക.

ഏപ്രില്‍ 10 വെള്ളിയാഴ്ച സ്‌കില്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഖ്യൂ മെലഡിയ സംഘടിപ്പിച്ച സംഗീത സന്ധ്യയില്‍ അതിമനോഹരമായ ഗാനങ്ങളുമായി ഹിബ ജനങ്ങളുടെ മനസ്സില്‍ ഇടം പിടിച്ചു. ചെറുപ്പം മുതലേ പാട്ടിനോടുള്ള ഇഷ്ടം സൂക്ഷിക്കുന്ന ഹിബ പിതാവിന്റെ പ്രോല്‍സാഹനത്തിലും മേല്‍നോട്ടത്തിലും പാടാന്‍ ലഭിക്കുന്ന എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തിയാണ് സംഗീതാസ്വാദകരെ സ്വാധീനിക്കുന്നത്.

ഖത്തറിലെ ജനപ്രിയ മലയാളി സംവിധായകന്‍ ഷാഹിദ് പുത്തനത്താണിയുടെ കാസ്രോഡ് 2 കത്തറ് എന്ന ചിത്രത്തിലും ഹിബ ഫാത്തിമ നല്ലൊരു ഗാനം ആലപിച്ചിട്ടുണ്ട്.

നാട്ടില്‍ സ്‌കൂളുകളില്‍ നടക്കുന്ന കലോത്സവങ്ങളില്‍ ജില്ല, സംസ്ഥാന തലങ്ങളില്‍ മാപ്പിള പാട്ട്, നാടന്‍ പാട്ട് , ഒപ്പന എന്നിവയിലൊക്കെ മികവ് തെളിയിച്ച ശേഷമാണ് ഹിബ ദോഹയിലെത്തിയത്. ഹിന്ദി പാട്ടുകളെ ഏറെ ഇഷ്ട്ടപ്പെടുന്ന ഹിബക്ക് മലയാളം , തമിഴ്, അറബിക്, മാപ്പിളപ്പാട്ട് എല്ലാം തന്റെ ശൈലിയില്‍ പാടി കാണികളെ രസിപ്പിക്കാന്‍ കഴിയും.

ഫിറോസ് നാദാപുരം സംഗീത സംവിധാനത്തില്‍ ഖ്യൂ മെലഡിയ പുറത്തിറക്കുന്ന പത്തോളം പാട്ടുകളടങ്ങിയ ആല്‍ബത്തില്‍ 3 ഗാനങ്ങള്‍ ഹിബ ഫാത്തിമ ആലപിച്ചിട്ടുണ്ട് . ഈ ആല്‍ബം മെയ് ആദ്യവാരം ഖത്തറില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്.

ഷാഹിദ് പുത്തനത്താണി പുതിയതായി സംവിധാനം ചെയ്യുന്ന ഒരു കല്യാണ ആല്‍ബത്തിലും ഹിബ ഫാത്തിമ നല്ല ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ഹിബ ഫാത്തിമ സംഗീതത്തില്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ടാണ് മുന്നോട്ട് പോവുന്നത്. റൗഫ് മലയിലിന്റെ പ്രോല്‍സാഹനവും മാര്‍ഗനിര്‍ദേശങ്ങളും തന്നെയാണ് ഈ ഗായികയുടെ ഏറ്റവും വലിയ കരുത്ത്