IM Special

പോറ്റമ്മ



പോറ്റമ്മ
നൗഷാദ് അഷ്‌റഫ്


കാലങ്ങളേറെയായ് ഞാന്‍ കഴിയും
ഖാഫ് മരങ്ങള്‍ തന്‍ ദേശമിതാ
കാരുണ്യമോലും കരങ്ങളാലെ
കാറ്റുപോലെന്നും തഴുകിടുന്നു

അധ്വാനഭാരത്താല്‍ ആയാസമേറുന്ന
ഹൃത്തിന്നൊരാശ്വാസമായീ
ഹര്‍ഷാരവത്തോടെ ഒന്നിച്ചണയുവാന്‍
ഹൃദ്യമാം ആരാമമേറെയുണ്ട്

നിത്യ വ്യായാമം ശീലമാക്കീടുവാന്‍
നിര്‍ലോഭം വേദികള്‍ തീര്‍ത്തിടുന്നു
ആരോഗ്യപാലനം ലക്ഷ്യമാക്കി
ആതുര മേഖല ഒപ്പമുണ്ട്

അജ്ഞത ഇല്ലായ്മ ചെയ്യുവാനുതകുന്ന
അറിവിന്റെ രമ്യമാം ഹര്‍മ്യമുണ്ട്
ദാരിദ്ര്യം ഇല്ലായ്മ ചെയ്യുവാനാശിക്കും
അലിവിന്റെ ആഴക്കടലുമുണ്ട്

കാശിനായ് ജീവിതം മാറ്റിവെപ്പോര്‍ക്കൊരു
കാശി പോല്‍ ആശ്വാസമേകിടുന്നു
ആത്മദ്യുതിക്കായ് കൊതിച്ചിടുന്നോര്‍ക്ക്
ആരാധനാ മന്ത്രമോതിടുന്നു

കൂട്ടിനായ് കൂട്ടായ്മ തേടുന്ന കൂട്ടര്‍ക്ക്
കൃത്യമായ് കൂട്ടായിരിക്കുമെന്നും
കൂട്ടായ നേട്ട ശ്രമങ്ങളോടെന്നും
നീട്ടും കരങ്ങളാല്‍ ചേര്‍ന്ന് നില്‍ക്കും

അത്തം പത്തിന് പൊന്നോണമെത്തിയാല്‍
അങ്ങോളമിങ്ങോളമായിരം പൂക്കളം
ക്രിസ്മസ്സിന്‍ പൂത്തിരി കത്തുവോളം
കിട്ടുമെവിടെയും ഓണസദ്യ !

ഉപരോധമെന്തെന്നറിയിച്ചിടാതെ
ഉതവികള്‍ ഏറെയും ചെയ്തു തന്നു
ഇച്ഛാശക്തി തന്നുത്തുംഗ ശൃംഗമായ്
ഉലകിന്റെ മുന്നില്‍ തെളിഞ്ഞു നിന്നു.

കൊറോണ തന്നുടെ കരാളഗാത്രങ്ങള്‍
കൊലയാളി വേഷമണിഞ്ഞീടവേ,
കണ്ണിലെ കൃഷ്ണ മണിയെ പോലെ
കാത്തു സൂക്ഷിക്കുവാന്‍ മുന്നില്‍ നിന്നു

കായിക ലോകത്ത് നാരായ വേരായി,
കായിക മാമാങ്ക വേദിയായി
കാല്‍പ്പന്തു കളിയുടെ കേദാരമായി,
കായികപ്രേമികള്‍ക്കാവേശമായ്

നിലപാടുകളില്‍ അഗ്‌നിശിലയായ്
സംസ്‌ക്കാരത്തിന്‍ മുത്തായി
മധ്യസ്ഥതയുടെ കൂടാരമായി
മണ്ണിന്‍ കലഹങ്ങള്‍ മായ്ചിടുന്നു.

ഖത്തറിന്‍ ഊഷര വാസസ്ഥലമിതില്‍
അത്തറിന്‍ വാസന പോലെ പടര്‍ന്നൊരാ
ശാന്തിതന്‍ മാസ്മരമാമൊരു സൗരഭം!
യുദ്ധകാണ്ഡത്തിന്‍ പ്രകീര്‍ത്തനമായ്!