Local News

ആറായിരത്തോളം മലയാള പുസ്തകങ്ങളുമായി നവീകരിച്ച എഫ്.സി.സി ലൈബ്രറി ഉദ്ഘാടനം ചെയ്തു

ദോഹ:വായനയുടെ വസന്തം വിരിച്ച് ആറായിരത്തോളം മലയാള പുസ്തകങ്ങളുമായി നവീകരിച്ച എഫ്.സി.സി ലൈബ്രറി ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിലെ സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ പ്രതിനിധി ഹസന്‍ അലി അല്‍ ഖയ്യാത്ത് ഉദ്ഘാടനം ചെയ്തു.
ന്യൂ സലാത്തയിലെ എഫ്.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസാരിച്ച അദ്ദേഹം, വായനയും അറിവും സമൂഹത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്നും ലൈബ്രറികള്‍ വിജ്ഞാന കൈമാറ്റത്തിന്റെയും സാംസ്‌കാരിക വളര്‍ച്ചയുടെയും പ്രധാന കേന്ദ്രങ്ങളാണെന്നും പറഞ്ഞു. പുതിയ തലമുറയില്‍ വായനാശീലം വളര്‍ത്തുന്നതിനും അറിവിനോടുള്ള ആഭിമുഖ്യം സൃഷ്ടിക്കുന്നതിനും ഇത്തരം സംരംഭങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൈബ്രറി ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ അല്‍ത്താഫ് ഖിറാഅത്ത് നിര്‍വഹിച്ചു. എഫ്.സി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറിയുടെ നാള്‍വഴികളും പ്രവര്‍ത്തനങ്ങളും അദ്ദേഹം സദസിന് പരിചയപ്പെടുത്തി.

ലോക റെക്കോര്‍ഡ് ജേതാവും ബാലവായനാ പ്രതിഭയുമായ ഇഷാന്‍ ഖാനും എ യുണിവേര്‍സ് ഇന്‍സൈഡ് മൈ പോക്കറ്റ് എന്ന പുസ്തകത്തിന്റെ രചയിതാവായ പതിനൊന്നുകാരി മറിയം ഖാനും ചടങ്ങിലെ ശ്രദ്ധേയ സാന്നിധ്യങ്ങളായി.
സി.ഐ.സി പ്രസിഡന്റ് ആര്‍.എസ്. അബ്ദുല്‍ ജലീല്‍, ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. സാബു കെ.സി., ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ഷഫീഖ് അറക്കല്‍, സി.ആര്‍. മനോജ്, മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, കവി തന്‍സീം കുറ്റ്യാടി, ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ഗവേണിംഗ് ബോഡി ചെയര്‍മാന്‍ ഹുസൈന്‍ കടന്നമണ്ണ, സുനില്‍ പെരുമ്പാവൂര്‍ എന്നിവര്‍ സംസാരിച്ചു.

മന്ത്രാലയ പ്രതിനിധികളായ അഹ്‌മദ് അല്‍ യാഹരി, ഖലീഫ അല്‍ ഖലീഫ, ശാന്തിനികേതന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മറ്റി അംഗം കെ.സി. അബ്ദുല്‍ ലത്തീഫ്, എഫ്.സി.സി ഗവേണിംഗ് ബോഡി ചെയര്‍മാന്‍ റഹീം ഓമശേരി, ക്യു.എഫ്.എം റേഡിയോ സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍ വാണിയമ്പലം എന്നിവര്‍ സംബന്ധിച്ചു.എഫ് സി സി എക്‌സിക്യൂട്ടീവ് അംഗം
അപര്‍ണ റനിഷ് സ്വാഗതവും സാദിഖ് ചെന്നാടന്‍ നന്ദിയും പറഞ്ഞു.

തന്‍സീം കുറ്റ്യാടിയുടെയും നൗഫിറ ഹുസൈന്റെയും നേതൃത്വത്തില്‍ നടന്ന പുസ്തക സമര്‍പ്പണ ചടങ്ങില്‍ നിരവധി എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി. സി.വി. റപ്പായി, ഹുസൈന്‍ അഹമ്മദ്, പി.ടി. യൂനുസ് ചെന്നമംഗല്ലൂര്‍, ജോണ്‍ ഗില്‍ബര്‍ട്ട്, ഷമീന ഹിഷാം, നജിത, ചിത്ര ശിവന്‍, ഉസ്മാന്‍ മാറാത്ത്, ശീബ അശോകന്‍, ഹുസൈന്‍ വാണിമേല്‍, നസീഹ മജീദ്, സിദ്ധിഖ് തുടങ്ങിയവര്‍ പുസ്തകങ്ങള്‍ സംഭാവന ചെയ്തു.
ലൈബ്രറി നവീകരണത്തിനാവശ്യമായ പുസ്തക അലമാരകളും അനുബന്ധ സൗകര്യങ്ങളും നിസാര്‍ അഹമ്മദ് (ഗിറ്റ്‌കോ), ഇസ്മായില്‍ ഗാര്‍ഡന്‍, കെ.എല്‍. ഹാഷിം (ബ്രാഡ്മ ഗ്രൂപ്പ്) എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്തു.

പരിപാടിയുടെ രൂപകല്പനയ്ക്കും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും മജീദ് നാദാപുരം, മുനീര്‍ തൂലിക എന്നിവര്‍ നേതൃത്വം നല്‍കി. ലൈബ്രറി പുനഃസംഘടന, അംഗത്വ ക്യാമ്പയിന്‍ എന്നിവയ്ക്ക് റഫീഖ് മേചേരി, നൗഫിറ ഹുസൈന്‍, സനില ഷര്‍ഫുദ്ദീന്‍, റംഷിദ, രജനി, സിമി, ഉനൈസ്, റുമൈസ, റൂബി അന്‍വര്‍ എന്നിവര്‍ നേതൃത്വം നല്‍കി. എഫ്.സി.സി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പരിപാടികള്‍ നിയന്ത്രിച്ചു.

ലൈബ്രറി അംഗത്വത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും 66572518എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ഉദ്ഘാടന ചടങ്ങിന് നൂറുകണക്കിന് വായനാപ്രേമികള്‍ എത്തിയത് സന്തോഷകരമായ അനുഭവമാണ്. വായനാസംസ്‌കാരത്തെ ശക്തിപ്പെടുത്തുകയും വിജ്ഞാനവികസനത്തിന് പുതിയ സാധ്യതകള്‍ തുറക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നവീകരിച്ച എഫ്.സി.സി ലൈബ്രറി, ഖത്തറിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഊര്‍ജം പകരുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.