ക്ലാസിക് ഖത്തറിന്റെ ‘ഓള്‍ഡ് ഇസ് ഗോള്‍ഡ് സീസണ്‍ 2’ സംഗീതസന്ധ്യ ശ്രദ്ധേയമായി
2026 ജൂണ്‍ 26-ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ക്ലാസിക് ഖത്തര്‍ സംഘടിപ്പിച്ച ‘ഓള്‍ഡ് ഇസ് ഗോള്‍ഡ് സീസണ്‍ 2’ സംഗീതസന്ധ്യ കലാസ്വാദകരുടെ ഹൃദയം കീഴടക്കി വന്‍ വിജയമായി.
പരിപാടിയുടെ മുഖ്യാതിഥികളായി ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല, ഡോ. സെല്‍ബി ജേക്കബ് എന്നിവര്‍ പങ്കെടുത്തു. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഡോ. അമാനുല്ല വടക്കാങ്ങരയുടെ നേതൃത്വത്തില്‍ എല്ലാ അതിഥികളും കലാകാരന്മാരും പ്രേക്ഷകരും ചേര്‍ന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. സമൂഹത്തിന് ശക്തമായ സന്ദേശം പകര്‍ന്ന ചടങ്ങായിരുന്നു ഇത്.
പരിപാടിയുടെ പ്രധാന ആകര്‍ഷണമായ ‘ഓള്‍ഡ് ഇസ് ഗോള്‍ഡ്’ വേദിയില്‍ മലയാള ചലച്ചിത്രലോകത്തെ എക്കാലത്തെയും മികച്ച പഴയ ഗാനങ്ങള്‍ അവതരിപ്പിച്ചാണ് ബിന്ദു ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഗായകസംഘം സഹൃദയ സദസ്സിന്റെ ഹൃദയം കവര്‍ന്നത്. ക്കപ്പെട്ടു. ഓരോ ഗാനവും പ്രേക്ഷകരെ അവരുടെ സുവര്‍ണകാല ഓര്‍മ്മകളിലേക്ക് കൈപിടിച്ചുകൊണ്ടുപോയി.
ഗായിക ബിന്ദു ചന്ദ്രന്‍ 1960-കളുടെ ശൈലിയിലുള്ള വേഷവിധാനത്തില്‍ വേദിയിലെത്തിയത് പരിപാടിയുടെ പ്രത്യേക ആകര്‍ഷണമായി. ആ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന അവതരണം പ്രേക്ഷകരില്‍ വലിയ കൗതുകവും കൈയടിയും നേടി.
ക്ലാസിക് ഖത്തര്‍ ഡാന്‍സ് ടീം അംഗങ്ങളായ ഐശ്വര്യയും ലക്ഷ്മിയും അവതരിപ്പിച്ച ‘ശിവതാണ്ഡവം’ നൃത്താവിഷ്‌കാരം അതിഗംഭീരമായ അവതരണത്തിലൂടെ കാണികളുടെ ഹൃദയം കീഴടക്കി.
പഴയ ഗാനങ്ങളുടെ മനോഹരമായ അവതരണം നിരവധി പ്രേക്ഷകരെ അവരുടെ ബാല്യകാലത്തെയും യൗവനകാലത്തെയും മധുരസ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. സംഗീതവും അവതരണവും ചേര്‍ന്നപ്പോള്‍ വേദി വികാരനിര്‍ഭരമായ ഒരു അനുഭവമായി മാറി.
ക്ലാസിക് ഖത്തറിന്റെ കലാകാരനായ അജയന്‍ ഗുരുവായൂര്‍ വേദിയില്‍ തത്സമയം വരച്ച മഹാനായ സംഗീതസംവിധായകന്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ലൈവ് പോര്‍ട്രെയിറ്റ് മനോഹരമായി. പ്രേക്ഷകര്‍ ഈ കലാസൃഷ്ടിയെ അതിയായ ആവേശത്തോടെയും അഭിനന്ദനത്തോടെയുമാണ് സ്വീകരിച്ചത്.
തുടര്‍ന്ന് ലോകകേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടിക്ക്, ക്ലാസിക് ഖത്തറിന്റെ കലാകാരനും ഗായകനുമായ മുരളി ഗുരുവായൂര്‍ വരച്ച മനോഹരമായ പെന്‍സില്‍ പോര്‍ട്രെയിറ്റ് സ്‌നേഹോപഹാരമായി സമര്‍പ്പിച്ചു. ഈ നിമിഷം ചടങ്ങിലെ ഹൃദ്യമായ മുഹൂര്‍ത്തങ്ങളിലൊന്നായി മാറി.
അരുണ്‍ പിള്ള പ്രവീണായിരുന്നു പരിപാടിയുടെ അവതാരകന്‍ .
പരിപാടിയുടെ ശബ്ദ-ലൈറ്റ് സംവിധാനങ്ങളും സൗണ്ടും ദിലീഷ് റിധം മനോഹരമായി കൈകാര്യം ചെയ്തു. ടെക്‌നിക്കല്‍, ഐ.ടി, മീഡിയ കോര്‍ഡിനേഷന്‍ ചുമതലകള്‍ ആസിഫ് തലശ്ശേരിയാണ് നിര്‍വഹിച്ചത്. ഷഫീഖ് അല്‍മാസ് സംഘാടകമികവും പരിപാടി അവിസ്മരണീയമാക്കി.