Local News

സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന പ്രവാസി പെന്‍ഷന്‍ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍

ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം സംഘം സമര്‍പ്പിച്ചു.

പ്രവാസികള്‍ അനുഭവിക്കുന്ന നിലവിലെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പുറമെ നാട്ടില്‍ നേരിട്ടെത്താതെ തന്നെ പ്രവാസികള്‍ക്ക് ഭൂനികുതി, മ്യൂട്ടേഷന്‍, പോസഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ റവന്യൂ സേവനങ്ങള്‍ ഡിജിറ്റലായി ലഭ്യമാക്കുന്നതിനായി നോര്‍ക്കയുമായി സംയോജിപ്പിച്ച് ‘വെര്‍ച്വല്‍ റവന്യൂ ഓഫീസ്’ ആരംഭിക്കുക, സര്‍ക്കാറിന്റെയും നോര്‍ക്കയുടെയും എല്ലാ സേവനങ്ങളും അടിയന്തര സഹായങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്ന ‘എന്‍ ആര്‍ ഐ സ്മാര്‍ട്ട് ഐ ഡി’ നടപ്പിലാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ ഐ സി എഫ് മുന്നോട്ട് വെച്ചു.

പ്രവാസികള്‍ ഏറെയുള്ള യു എ ഇ, സൗദി അറേബ്യ, ഖത്വര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ തുടങ്ങിയ പ്രധാന ഗള്‍ഫ് രാജ്യങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും നോര്‍ക്കയുടെയും അക്ഷയ മിഷന്റെയും സഹകരണത്തോടെ അക്ഷയ കേന്ദ്രങ്ങളുടെ വിദേശ ശാഖകള്‍ ആരംഭിക്കുക, ഗള്‍ഫ് നാടുകളില്‍ താമസിക്കുന്ന മലയാളി കുട്ടികള്‍ക്കായി സ്റ്റേറ്റ് സിലബസ് സ്‌കൂളുകള്‍ ആരംഭിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുക എന്നിവയും നിവേദനത്തില്‍ ഉന്നയിച്ചു.
ഇതിനുപുറമെ ജില്ലാ കളക്ടറേറ്റുകളില്‍ പ്രവാസി കുടുംബ സഹായ ഡെസ്‌കുകള്‍ സ്ഥാപിക്കുക, ഇ-പവര്‍ ഓഫ് അറ്റോര്‍ണി സംവിധാനം നടപ്പിലാക്കുക, ഓണ്‍ലൈന്‍ വഴി നിശ്ചിത ഇടവേളകളില്‍ ‘വെര്‍ച്വല്‍ പ്രവാസി സഭ’ സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ചര്‍ച്ച ചെയ്ത ആവശ്യങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഐ സി എഫ് ഇന്റര്‍നാഷണല്‍ പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്‌മാന്‍ ആറ്റക്കോയ തങ്ങള്‍, ഐ സി എഫ് സെക്രട്ടറിമാരായ ഹമീദ് ഈശ്വരമംഗലം, ശരീഫ് കാരശ്ശേരി, അബ്ദുല്‍ കരീം ഹാജി മേമുണ്ട, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം തുടങ്ങിയ നേതാക്കള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.