Local News

പ്രവാസലോകത്തെ പ്രതിഭകള്‍ക്ക് വന്‍ അവസരം: ‘സുനോ ടാലന്റ് ക്ലബ്ബ്’ പ്രവര്‍ത്തനമാരംഭിച്ചു

ദോഹ: പ്രവാസലോകത്തെ കലാകാരന്മാര്‍ക്കും സര്‍ഗ്ഗാത്മക പ്രതിഭകള്‍ക്കും തങ്ങളുടെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കി ഖത്തറിലെ പ്രമുഖ മാധ്യമ ശൃംഖലയായ ഒലീവ് സുനോ റേഡിയോ നെറ്റ്വര്‍ക്ക്. വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച പ്രവാസികളെ ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ ‘സുനോ ടാലന്റ് ക്ലബ്ബ്’ പ്രവര്‍ത്തനമാരംഭിച്ചു.

പ്രവാസി പ്രതിഭകളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കാനും അവരുടെ സര്‍ഗ്ഗവാസനകള്‍ക്ക് അര്‍ഹമായ വേദി നല്‍കാനുമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ക്ലബ്ബിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ ജനകീയമാക്കുന്നതിനുമായി വിപുലമായ കോര്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

കലാസാംസ്‌കാരിക രംഗത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു പ്രവാസിക്കും ഈ കൂട്ടായ്മയുടെ ഭാഗമാകാം.