Local News

പര്‍പ്പിള്‍ സാറ്റര്‍ഡേയ്ക്ക് പിന്തുണയുമായി റോക്കാ പവര്‍ ജിം

ദോഹ: ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ പ്രാപ്യതയും തുല്യ അവസരങ്ങളും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വിസിറ്റ് ഖത്തര്‍, വാണിജ്യ-വ്യവസായ മന്ത്രാലയം, കുടുംബ-സാമൂഹിക വികസന മന്ത്രാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ച് റോക്കാ പവര്‍ ജിം. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് സ്ഥാപനത്തിന്റെ സാമൂഹിക പ്രതിബദ്ധത റോക്കാ പവര്‍ ജിം അറിയിച്ചത്.

പര്‍പ്പിള്‍ സാറ്റര്‍ഡേയുടെ ഭാഗമായി സമൂഹത്തില്‍ ഉള്‍ക്കൊള്ളലും സമത്വവും പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും, എല്ലാവര്‍ക്കും ആരോഗ്യകരമായ ജീവിതശൈലിയും ഫിറ്റ്നസ് സൗകര്യങ്ങളും ലഭ്യമാക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്നും റോക്കാ പവര്‍ ജിം അധികൃതര്‍ വ്യക്തമാക്കി.

ചടങ്ങില്‍ സംസാരിച്ച മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, പര്‍പ്പിള്‍ സാറ്റര്‍ഡേ ഒരു സാമൂഹിക പ്രചാരണം മാത്രമല്ല, മാനവിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ദേശീയ മുന്നേറ്റമാണെന്ന് അഭിപ്രായപ്പെട്ടു. 

‘പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് സമൂഹത്തിന്റെ എല്ലാ മേഖലകളിലും തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഓരോ സ്ഥാപനത്തിന്റെയും സാമൂഹിക ഉത്തരവാദിത്തമാണ്. ആരോഗ്യം, ഫിറ്റ്നസ്, ക്ഷേമം എന്നിവ എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാകണമെന്നാണ് ഞങ്ങളുടെ വിശ്വാസം. അതുകൊണ്ടുതന്നെയാണ് ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും ഈ മഹത്തായ സംരംഭത്തോടൊപ്പം കൈകോര്‍ക്കുകയും ചെയ്യുന്നത്.’ അദ്ദേഹം പറഞ്ഞു.

ഖത്തര്‍ ദേശീയതലത്തില്‍ നടപ്പാക്കുന്ന പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭം സര്‍ക്കാര്‍ സ്ഥാപനങ്ങളെയും സ്വകാര്യ കമ്പനികളെയും പൊതുസമൂഹത്തെയും ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ സൗഹൃദപരമായ സേവനങ്ങളും സൗകര്യങ്ങളും ഒരുക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ശ്രദ്ധേയമായ സാമൂഹിക മുന്നേറ്റമാണ്.

പരിപാടിയുടെ ഭാഗമായി റോക്കാ പവര്‍ ജിമ്മിലെ മാനേജ്‌മെന്റും ജീവനക്കാരും ചേര്‍ന്ന് പ്രത്യേക ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു. പര്‍പ്പിള്‍ സാറ്റര്‍ഡേയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്ലക്കാര്‍ഡുകള്‍ കൈയില്‍ പിടിച്ച് സ്ഥാപനത്തിനുള്ളില്‍ നടത്തിയ റാലിയിലൂടെ ഭിന്നശേഷിക്കാര്‍ക്കുള്ള ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചു. ഉള്‍ക്കൊള്ളല്‍, സമത്വം, പ്രാപ്യത, മാനവികത എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ റാലി ശ്രദ്ധേയമായി.

ചടങ്ങില്‍ നിഖില്‍ നസീര്‍ (ജനറല്‍ മാനേജര്‍), ലുഖ്മാന്‍ (ഹെഡ് കോച്ച്), ലുഐ (കോച്ച്), അനീസ് (കോച്ച്), തക്വ (റിസപ്ഷനിസ്റ്റ്), സബ്രിന (സൂപ്പര്‍വൈസര്‍), ഫെര്‍ഹത് റെകിയ (മാനേജര്‍), ഹനാ ബെന്‍സാഫി (റിസപ്ഷനിസ്റ്റ്), നമാര മാര്‍ട്ടിനാ (കോച്ച്), എമെലിന്‍ റോസ്‌ക്വിറ്റസ് (കോച്ച്) എന്നിവര്‍ പങ്കെടുത്തു.

ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ സൗഹൃദപരമായ ഫിറ്റ്നസ് അന്തരീക്ഷം ഒരുക്കുന്നതിനും അവരുടെ ആരോഗ്യം, ആത്മവിശ്വാസം, സാമൂഹിക പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായി വരും ദിവസങ്ങളിലും കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് റോക്കാ പവര്‍ ജിം അധികൃതര്‍ അറിയിച്ചു.

‘യഥാര്‍ഥ ശക്തി ശാരീരിക കരുത്തില്‍ മാത്രമല്ല; സമൂഹത്തിലെ ഓരോരുത്തരെയും ചേര്‍ത്തുനിര്‍ത്താനുള്ള മനസ്സിലുമാണ്. ആരെയും പിന്നിലാക്കാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ പര്‍പ്പിള്‍ സാറ്റര്‍ഡേ നമ്മെ പ്രചോദിപ്പിക്കുന്നു,’ എന്ന് റോക്കാ പവര്‍ ജിം പ്രസ്താവനയില്‍ പറഞ്ഞു.