Uncategorized

വിജ്ഞാനം വിനോദവും പകര്‍ന്ന് സ്റ്റുഡന്റ്‌സ് ഇന്ത്യ സമ്മര്‍ ക്യാമ്പ്

ദോഹ: പ്രവാസി മലയാളി വിദ്യാര്‍ഥി കൂട്ടായ്മയായ സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തര്‍ സംഘടിപ്പിച്ച ‘അല്‍ഫുതുവ്വ’ സമ്മര്‍ ക്യാമ്പ് സമാപിച്ചു. ഷഹാനിയിലെ ഫാമിലി റിസോര്‍ട്ടില്‍ നടന്ന ദ്വിദിന ക്യാമ്പില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനം, നേതൃശേഷി, സാമൂഹിക അവബോധം, കൂട്ടായ പ്രവര്‍ത്തനശീലം എന്നിവ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പഠനവും വിനോദവും സമന്വയിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയത്.

സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രസിഡണ്ട് ആര്‍ എസ് അബ്ദുല്‍ ജലീല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റുഡന്‍സ് ഇന്ത്യ സെന്‍ട്രല്‍ കോഡിനേറ്റര്‍ സാദിഖ് ചെന്നാടന്‍ അധ്യക്ഷത വഹിച്ചു. ഐസ് ബ്രേക്കിംഗ് സെഷന് അനീസ് റഹ്‌മാന്‍ മാള നേതൃത്വം നല്‍കി. ‘ഖുര്‍ആനും ജീവിതവും’ എന്ന വിഷയത്തില്‍ ഷാജഹാന്‍ അബ്ദുല്‍ കരീം, ‘വിദ്യാര്‍ത്ഥിത്വം’ എന്ന തലക്കെട്ടില്‍ അസ്ലം തൗഫീഖ് എം.ഐ, ‘ധാര്‍മിക മൂല്യങ്ങള്‍’ എന്ന വിഷയത്തില്‍ അതീഖ് റഹ്‌മാന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഗ്രാന്‍ഡ് ക്വിസ് സെഷന് റിയാസ് ടി റസാഖ്, ആര്‍ട്‌സ് സെഷന് നജീബ് താരി എന്നിവര്‍ നേതൃത്വം നല്‍കി.

പഠന സെഷനുകള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍, ഗ്രൂപ്പ് ആക്ടിവിറ്റികള്‍, കലാമത്സരങ്ങള്‍, ഫുട്‌ബോള്‍, നീന്തല്‍, ഫണ്‍ ഗെയിംസ് തുടങ്ങിയ പരിപാടികളില്‍ വിദ്യാര്‍ഥികള്‍ ആവേശപൂര്‍വം പങ്കാളികളായി. വിവിധ മത്സരങ്ങളും ടീം അധിഷ്ഠിത പ്രവര്‍ത്തനങ്ങളും വിദ്യാര്‍ഥികളില്‍ സഹകരണ മനോഭാവവും നേതൃത്വഗുണങ്ങളും വളര്‍ത്താന്‍ സഹായകമായി.

രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ വിദ്യാര്‍ഥികള്‍ പങ്കുവെക്കുകയും വിവിധ വിനോദ-വിജ്ഞാന പരിപാടികളിലൂടെ ആത്മവിശ്വാസവും ആശയവിനിമയശേഷിയും മെച്ചപ്പെടുത്തുകയും ചെയ്തു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമാപന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

വിദ്യാര്‍ഥികള്‍ക്ക് വേനലവധിക്കാലം പ്രയോജനപ്രദവും സര്‍ഗാത്മകവുമാക്കാന്‍ ലക്ഷ്യമിട്ടുള്ള സമ്മര്‍ ക്യാമ്പിന് വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. ക്യാമ്പിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച സംഘാടക സമിതി അംഗങ്ങള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കും സ്റ്റുഡന്‍സ് ഇന്ത്യ ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.
ഹബീബ് റഹ്‌മാന്‍, മര്‍ഷദ്, മുനീബ്, ഫായിസ്, സമദ്, മിദ്‌ലാജ്, മര്‍സൂല്‍, നാഫിഹ്, അജ്മല്‍, ആബിദ്, അഷ്ഫാഖ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.