Local News

അഞ്ച് ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ആറു വയസ്സുകാരന് ക്യുമേറ്റ്‌സ് ഖത്തറിന്റെ ആദരം


അമാനുല്ല വടക്കാങ്ങര

ദോഹ: ചെറുപ്രായത്തില്‍ അഞ്ച് ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ശ്രദ്ധേയനായ ആറു വയസ്സുകാരന്‍ അല്‍ അമീന്‍ ബിന്‍ അഹമ്മദ് ഡാനിഷിനെ ക്യുമേറ്റ്‌സ് ഖത്തര്‍ ആദരിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലെ മുംബൈ ഹാളില്‍ നടന്ന ചടങ്ങിലാണ് കുട്ടിയുടെ അസാധാരണ നേട്ടത്തെ സംഘടന ആദരിച്ചത്.

ക്യുമേറ്റ്‌സ് ഖത്തര്‍ പ്രസിഡന്റ് ഖാലിദ് കല്ലു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ജംനാസ് യൂസഫ് സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍ പ്രസിഡന്റ് എ. പി. മണികണ്ഠന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

ചടങ്ങില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍ ജനറല്‍ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഗിന്നസ് ലോക റെക്കോര്‍ഡ് ജേതാവ് ഷക്കീല്‍ ചെറായില്‍, റിയാസ് പി ലത്തീഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഖത്തറിലുടനീളം 192 കിലോമീറ്റര്‍ 30 മണിക്കൂര്‍ തുടര്‍ച്ചയായി ഓടി ലോക റെക്കോര്‍ഡ് നേടിയ ഷക്കീല്‍ ചേറയിലിന്റെ നേട്ടവും ചടങ്ങില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു.

പരിപാടിയുടെ സംഘാടനത്തിനും ഏകോപനത്തിനും ഷെറിന്‍ സലിം, ഷമീല്‍ , ഫിറോസ് ഖാന്‍, ഏജാസ്, ആയിഷ, റിസ്വാന്‍, സുനില്‍, നിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.

ഖത്തറിലെ സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് അല്‍ അമീന്‍ ഡാനിഷ്.

അല്‍ അമീന്‍ ഡാനിഷിന്റെ നേട്ടം പുതുതലമുറയ്ക്ക് വലിയ പ്രചോദനമാണെന്നും കഴിവും പ്രതിഭയും പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ചടങ്ങില്‍ അഭിപ്രായപ്പെട്ടു.

ക്യുമേറ്റ്‌സ് ഖത്തര്‍ ട്രഷറര്‍ പ്രശോഭ് നമ്പ്യാര്‍ നന്ദി പറഞ്ഞു.