Local News

സംഗീതാസ്വാദകര്‍ക്ക് അവിസ്മരണീയ രാവൊരുക്കി ഷാമെ മെഹ് ഫില്‍


അമാനുല്ല വടക്കാങ്ങര

ഖ്യൂ മെലോഡിയ എന്റര്‍ടെയിന്‍മെന്റും ഗ്‌ളോബല്‍ കേരള പ്രവാസി അസോസിയേഷനും ഐസിബിഎഫ് കാഞ്ചാനി ഹാളില്‍ സംഘടിപ്പിച്ച ഷാമെ മെഹ് ഫില്‍ സംഗീതാസ്വാദകര്‍ക്ക് അവിസ്മരണീയമായ അനുഭവമായി.


സൃഷ്ടിപ്പിന്റെ മഹത്വവും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളും അനാവരണം ചെയ്ത് സയ്യിദ് മഷ്ഹൂദ് തങ്ങളുടെ മാതാവ് മര്‍ഹൂം ജമീല ബീവി രചിച്ച മനോഹരമായ ഭക്തിഗാനത്തോടെയാണ് സയ്യിദ് മഷ്ഹൂദ് തങ്ങള്‍ മെഹ്ഫിലിന് തുടക്കം കുറിച്ചത്. പിന്നീടങ്ങോട് പ്രണയവും വിരഹവും സ്‌നേഹവും സൗഹൃദവുമൊക്കെ ഉദ്‌ഘോഷിക്കുന്ന പാട്ടുകളുടെ ഷോഷയാത്രയായിരുന്നു. സയ്യിദ് മഷ്ഹൂദ് തങ്ങളുടേയും സിതാരയുടേയും ശബ്ദമാധുര്യം കാഞ്ചാനി ഹാളില്‍ തിങ്ങി നിറഞ്ഞത സഹൃദയരടെ കാതിലും കല്‍ബിലും കുളിരു പകര്‍ന്നു. പാട്ടുകാരോടൊപ്പം സദസ്സും പാട്ടുകള്‍ ഏറ്റുപാടിയപ്പോള്‍ സംഘാടകരും നിര്‍വൃതി പൂണ്ടു. ഷഫീര്‍ വാടാനപ്പള്ളിയുടെ അവസരോചിതമായ ഇടപെടലുകളും അവതരണ മികവും പരിപാടിയെ കൂടുതല്‍ മനോഹരമാക്കി. ഹാര്‍മോണിസ്റ്റ് സലിമും തബലയില്‍ അസ്‌കറും റിഥം സൈഡില്‍ മനോജും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.ശബ്ദക്രമീകരണത്തില്‍ തന്റെ കൃത്യം ശറഫു ഭംഗിയായി നിര്‍വ്വഹിച്ചു.

പിതാവ് അമീറിന്റെ അനുശോചന ഗാനവും ഈസക്കയെന്ന പുണ്യത്തെ ഓര്‍ക്കുന്ന ഗാനവും യുദ്ധ വിരുദ്ധ ഗാനവുമൊക്കെ പരിപാടിയെ കൂടുതല്‍ മനോഹരമാക്കി. ഗാനരചയിതാക്കളായ ജിപി.കുഞ്ഞബ്ദുല്ല ചാലപ്പുറം, സുബൈര്‍ വെള്ളിയോട്,
കോയ കൊണ്ടോട്ടി എന്നിവരുടെ ഗാനങ്ങളും പരിപാടി സവിശേഷമാക്കി. റൗഫ് മലയിലിന്റെ ഏറ്റവും പുതിയ ആല്‍ബമായ തൗബയിലെ ഗാനം സയ്യിദ് മഷ്ഹൂദ് തങ്ങളും റഊഫ് മലയിലും പാടിയതും ശ്രദ്ധേയമായി

ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക കലാ രംഗങ്ങളിലെ പ്രമുഖരുടെ നിറസാനിദ്ധ്യം സദസ്സിനെ പ്രൗഡഗംഭീരമാക്കി.
ഐസിസി പ്രസിഡണ്ട് എ.പി. മണി കണ് ഠന്‍, ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡണ്ട് ഇ.പി.അബ്ദുറഹിമാന്‍ തുടങ്ങിയവരുടെ സാന്നിധ്യം പരിപാടിയെ അലങ്കരിച്ചു.
കലാകാരന്മാരെയും സഹകാരികളേയും പ്രത്യേകം ആദരിച്ചും സംഘാടകര്‍ പരിപാടിയെ അവിസ്മരണീയമാക്കി. ബിടുബി സര്‍വീസസ് ആയിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകര്‍

ഗ്‌ളോബല്‍ കേരള പ്രവാസി അസോസിയേഷന്‍ സെക്രട്ടറി വിനോദ് സ്വാഗതവും ട്രഷറര്‍ സന്തോഷ് നന്ദിയും പറഞ്ഞു.
ജനറല്‍ സെക്രട്ടറി നജ്‌ല അധ്യക്ഷത വഹിച്ചു. നിര്‍വാഹക സമിതി അംഗങ്ങളായ മഞ്ജുനാഥന്‍ റെന്‍ജു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഖ്യൂ മെലോഡിയ അഡ് മിന്‍ റഊഫ് മലയിലായിരുന്നു പരിപാടിയുടെ ഡയറക്ടര്‍.