ദോഹ ഡിസൈന്‍ ഡിസ്ട്രിക്ട് സംഘടിപ്പിച്ച പബ്‌ളിക് ആര്‍ട് ഓപണ്‍ കോള്‍ പ്രോഗ്രാമില്‍ ദാന അനസിന് അവാര്‍ഡ്

അമാനുല്ല വടക്കാങ്ങര
ഖത്തറിലെ പ്രമുഖ ഡിസൈന്‍-കലാ വേദിയായ ദോഹ ഡിസൈന്‍ ഡിസ്ട്രിക്ട് മുശൈരിബ് പ്രോപ്പര്‍ട്ടീസിന്റെ പിന്തുണയോടെ സംഘടിപ്പിച്ച പബ്‌ളിക് ആര്‍ട് ഓപണ്‍ കോള്‍ പ്രോഗ്രാമിലാണ് ദാനയുടെ ‘ഡെസര്‍ട്ട് ഇന്‍ മോഷന്‍ നാല് വിജയികളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 220-ലധികം എന്‍ട്രികളില്‍ നിന്ന് 20 പ്രൊപ്പോസലുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദാനയുടെ സൃഷ്ടി, തുടര്‍ന്ന് വിദഗ്ധ വിലയിരുത്തലും പൊതുജന പങ്കാളിത്തവും ഉള്‍പ്പെട്ട രണ്ട് ഘട്ടങ്ങളിലൂടെയാണ് അന്തിമ വിജയികളില്‍ ഇടം നേടിയത്. മത്സരത്തില്‍ 53 രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരും ഡിസൈനര്‍മാരും പങ്കെടുത്തപ്പോള്‍, അവസാനഘട്ടത്തിലെ 20 പ്രൊപ്പോസലുകള്‍ 14 രാജ്യങ്ങളെ പ്രതിനിധീകരിച്ചു.
ഖത്തറിലെ മണല്‍ത്തിട്ടകളെയും മുശൈരിബിന്റെ വാദി എന്ന ചരിത്രപരമായ സ്വഭാവത്തെയും പ്രചോദനമാക്കി രൂപകല്‍പ്പന ചെയ്തതാണ് ‘ഡെസര്‍ട്ട് ഇന്‍ മോഷന്‍. ശില്‍പകലയും വാസ്തുവിദ്യയും പൊതുസ്ഥലത്തിന്റെ പ്രായോഗികതയുമായി സമന്വയിപ്പിക്കുന്ന ഈ സൃഷ്ടിയില്‍ സന്ദര്‍ശകര്‍ക്ക് ഇരിക്കാനും ഒത്തുകൂടാനും പരസ്പരം ഇടപഴകാനും കഴിയുന്ന ഇടങ്ങളും ഒരുക്കുന്നു.
ആശയത്തിന്റെ പുതുമയും കലാപരമായ മികവും, സ്ഥല-സാംസ്‌കാരിക ബന്ധം, പൊതുജന പങ്കാളിത്തം, സുസ്ഥിരത, സാങ്കേതിക പ്രായോഗികത, സമയബന്ധിതമായ നിര്‍വഹണം തുടങ്ങിയ വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കര്‍ശനമായ വിലയിരുത്തലിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.
ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അനസ് അബ്ദുല്‍ ഖാദറിന്റേയും മുംതാസ് പാത്തിക്കലിന്റേയും മകളായ ദാന അനസ് ഖത്തറില്‍ ആര്‍ക്കിടെക്ടായി ജോലി ചെയ്യുകയാണ്. ഖത്തര്‍ പ്രവാസിയായ വേങ്ങര പറങ്ങോടത്ത് സഈദാണ് ഭര്‍ത്താവ്.
