ഓണാഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി ജി.ആര്‍.സി.സി ഫാഷന്‍ ഷോ കിഡ്സ്

അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ മലയാളി സമൂഹം ഓണാഘോഷങ്ങള്‍ക്കായി ഒരുങ്ങുന്നതിനിടെ, ഓണത്തിന്റെ വരവറിയിച്ച് ജി.ആര്‍.സി.സി ഫാഷന്‍ ഷോ കിഡ്സ് ഒരുക്കിയ ആഘോഷപരിപാടി ശ്രദ്ധേയമായി. സിഗ്‌നേച്ചര്‍ ബൈ മര്‍സയില്‍ നടന്ന പരിപാടി പരമ്പരാഗത വേഷപ്പകിട്ടും സൗഹൃദസംഗമവും കൊണ്ട് അവിസ്മരണീയമായ ആഘോഷരാവായി മാറി.

രോഷ്നി കൃഷ്ണന്റെ നേതൃത്വത്തില്‍ പരമ്പരാഗത ഫാഷന്‍ ഷോയില്‍ പരിശീലനം നേടിയ ജി.ആര്‍.സി.സി കുട്ടിപ്പട്ടാളമാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണമായത്. കേരളത്തിന്റെ തനത് വേഷവിധാനങ്ങളില്‍ അണിഞ്ഞൊരുങ്ങിയ കുട്ടികള്‍ ആത്മവിശ്വാസത്തോടെ വേദിയിലെത്തിയപ്പോള്‍ ഓണത്തിന്റെ സാംസ്‌കാരിക തനിമയും ആഘോഷച്ചാരുതയും ഒരുപോലെ നിറഞ്ഞുനിന്നു.
കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി അവര്‍ക്ക് മികച്ച വേദികള്‍ ഒരുക്കുന്നതിനൊപ്പം കേരളത്തിന്റെ പാരമ്പര്യവും സാംസ്‌കാരിക മൂല്യങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഫാഷന്‍ ഷോയുടെ ചുവടുകളും പരമ്പരാഗത വേഷങ്ങളുടെ വൈവിധ്യവും കുട്ടികളുടെ സ്വാഭാവികമായ അവതരണവും സദസ്സിന്റെ കൈയടി നേടി.

കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കുചേര്‍ന്നതോടെ പരിപാടി ഹൃദ്യമായ കുടുംബസംഗമത്തിന്റെ അനുഭവം പകര്‍ന്നു. ഓണത്തിന്റെ മുഖമുദ്രയായ ഒരുമയും സൗഹൃദവും പങ്കുവയ്ക്കലും ആഘോഷത്തിലുടനീളം പ്രകടമായിരുന്നു.

പരമ്പരാഗത വേഷങ്ങളുടെ മനോഹാരിതയും കുട്ടികളുടെ നിഷ്‌കളങ്കമായ ചിരിയും ആവേശകരമായ അവതരണങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ സിഗ്‌നേച്ചര്‍ ബൈ മര്‍സയിലെ ഓണരാവ് വര്‍ണാഭമായ അനുഭവമായി.
ഖത്തറിലെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് മനോഹരമായ തുടക്കം കുറിച്ച ജി.ആര്‍.സി.സി ഫാഷന്‍ ഷോ കിഡ്സിന്റെ പരിപാടി, പുതുതലമുറയെ നാടിന്റെ സംസ്‌കാരത്തോട് ചേര്‍ത്തുനിര്‍ത്തുന്ന ആഘോഷവേദി എന്ന നിലയിലും ശ്രദ്ധേയമായി.
