Local News

ഐ.സി.ബി.എഫിന്റെ മൂന്നാമത് രക്ത പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ സംഘടിപ്പിച്ചു

ഇന്ത്യന്‍ കമ്മ്യൂണിറ്റി ബിനവലന്റ് ഫോറം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് തുടര്‍ച്ചയായ മൂന്നാമത്തെ മാസവും രക്ത പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററിലാണ് ക്യാമ്പ് നടന്നത്.

രക്ത പ്ലേറ്റ്ലെറ്റ് ദാനത്തിന്റെ നിര്‍ണായക പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനും, ജീവന്‍ രക്ഷിക്കുന്ന ഈ മഹത്തായ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കാന്‍സര്‍ ചികിത്സയിലുള്ള രോഗികള്‍ക്കും, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവര്‍ക്കും, വലിയ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നവര്‍ക്കും, രക്ത സംബന്ധമായ രോഗങ്ങളും ഗുരുതരമായ പരിക്കുകളും നേരിടുന്നവര്‍ക്കും പ്ലേറ്റ്ലെറ്റുകള്‍ അനിവാര്യമാണ്. പ്ലേറ്റ്ലെറ്റുകള്‍ക്ക് വളരെ കുറഞ്ഞ കാലാവധിയുള്ളതിനാല്‍, ആവശ്യമായ അളവില്‍ അവയുടെ ലഭ്യത ഉറപ്പാക്കുന്നതിന് സന്നദ്ധരായ ദാതാക്കളുടെ തുടര്‍ച്ചയായ പിന്തുണ അനിവാര്യമാണ്. ജീവന്‍ രക്ഷിക്കുന്നതിലും ഖത്തറിലെ ആരോഗ്യപരിചരണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും സന്നദ്ധ ദാതാക്കള്‍ വഹിക്കുന്ന വിലമതിക്കാനാവാത്ത പങ്കാണ് ക്യാമ്പയിന്‍ ഉയര്‍ത്തിക്കാട്ടിയത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 80-ലധികം സന്നദ്ധ പ്രവര്‍ത്തകര്‍ പ്ലേറ്റ്ലെറ്റ് ദാനത്തിനായി മുന്നോട്ടുവന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ സേവന മനോഭാവത്തിന്റെയും മാനവിക പ്രതിബദ്ധതയുടെയും ഉത്തമ ഉദാഹരണമായി ഈ പങ്കാളിത്തം മാറി.

ഔദ്യോഗിക ചടങ്ങില്‍ ഐസിബിഎഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് അധ്യക്ഷ പ്രസംഗം നടത്തി.

ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും ഹെല്‍ത്ത് വിങ് ഇന്‍ചാര്‍ജ് മിനി സിബി നന്ദിയും പറഞ്ഞു.