Local News

ജിസിസിയിലെ ആദ്യ വനിതാ ഡിസ്റ്റിംഗ്വിഷ്ഡ് ടോസ്റ്റ്മാസ്റ്റര്‍ മാലിനി സാഹ്നിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം തുടരുന്നു

ദോഹ: ഗള്‍ഫ് മേഖലയിലെ ടോസ്റ്റ്മാസ്റ്റേഴ്‌സ് പ്രസ്ഥാനത്തിലെ ശ്രദ്ധേയ വ്യക്തിത്വവും ജിസിസിയിലെ ആദ്യ വനിതാ ഡിസ്റ്റിംഗ്വിഷ്ഡ് ടോസ്റ്റ്മാസ്റ്ററുമായിരുന്ന മാലിനി സാഹ്നിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം തുടരുന്നു. ഒക്ടോബര്‍ 13ന് ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.

ശക്തമായ പ്രഭാഷണശൈലിയും വാഗ്മിത്വവും മികച്ച വേദിസാന്നിധ്യവും കൊണ്ട് ശ്രദ്ധേയയായിരുന്നു മാലിനി സാഹ്നി. ഗള്‍ഫ് ടോസ്റ്റ്മാസ്റ്റേഴ്‌സ് വാര്‍ഷിക സമ്മേളനമായ GTACല്‍ നടന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തില്‍ വിജയിയായ അവര്‍, ലോകതലത്തിലുള്ള വേള്‍ഡ് ടേപ്പ്ഡ് സ്പീച്ച് മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്.

യുവതലമുറയുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതില്‍ പ്രത്യേക താല്‍പര്യം പുലര്‍ത്തിയിരുന്ന അവര്‍, കുട്ടികള്‍ക്കായുള്ള ഗേവല്‍സ് ക്ലബ്ബുകള്‍ ജിസിസിയുടെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. കുട്ടികളില്‍ ആത്മവിശ്വാസവും ആശയവിനിമയശേഷിയും നേതൃത്വഗുണങ്ങളും വളര്‍ത്തിയെടുക്കുക എന്നതായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ പ്രധാന ലക്ഷ്യം.

മലയാളി വേരുകളുള്ള മാലിനി സാഹ്നി വളര്‍ന്നത് കൊല്‍ക്കത്തയിലായിരുന്നു. ഇന്ത്യയിലും ദുബായ്, അബുദാബി, കുവൈത്ത്, ദോഹ എന്നിവിടങ്ങളിലുമായി ദീര്‍ഘകാലം ഇംഗ്ലീഷ് അധ്യാപികയായി സേവനമനുഷ്ഠിച്ചു. ഖത്തര്‍ എയറോനോട്ടിക്കല്‍ കോളേജിലെ ഇംഗ്ലീഷ് ലക്ചറര്‍ എന്നതായിരുന്നു അവരുടെ അവസാന ഔദ്യോഗിക ചുമതല.

2022 ജൂണിലാണ് മാലിനി സാഹ്നിയെ ആദ്യമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഗില്ലന്‍-ബാരെ സിന്‍ഡ്രോം എന്ന രോഗം സ്ഥിരീകരിച്ചു. 2023 ജൂലൈയില്‍ ഹൃദയസ്തംഭനം ഉണ്ടായതിനെത്തുടര്‍ന്ന്, പിന്നീട് കോമാസമാനമായ അവസ്ഥയില്‍ കിടപ്പിലായിരുന്നു.

മാലിനിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോയി. ഒക്ടോബര്‍ 16ന് കൊല്‍ക്കത്തയില്‍ സംസ്‌കാരം നടത്തി.

അല്‍ മല്‍ക്കി ഹോള്‍ഡിങ് ഗ്രൂപ്പില്‍ ഗ്രൂപ്പ് ഹെഡ് ഓഫ് ഇന്റേണല്‍ ഓഡിറ്റായി പ്രവര്‍ത്തിക്കുന്ന രാജീവ് സാഹ്നിയാണ് ഭര്‍ത്താവ്.

വിദ്യാഭ്യാസം, പ്രഭാഷണകല, യുവതലമുറയുടെ ശാക്തീകരണം എന്നീ മേഖലകളില്‍ മാലിനി സാഹ്നി നല്‍കിയ സംഭാവനകള്‍ ടോസ്റ്റ്മാസ്റ്റേഴ്‌സ് സമൂഹത്തില്‍ എന്നും ഓര്‍മിക്കപ്പെടും. അവരുടെ വിയോഗം ഗള്‍ഫിലെ ടോസ്റ്റ്മാസ്റ്റേഴ്‌സ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്. വിവിധ മേഖലകളിലായി നൂറുകണക്കിന് ആളുകള്‍ക്ക് മെന്ററായും വഴികാട്ടിയായും പ്രവര്‍ത്തിച്ച മാലിനി സാഹ്നി, അനേകരുടെ വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ വളര്‍ച്ചയിലും മായാത്ത സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു.