Local News

ഐ.സി.സി ‘പാസേജ് ടു ഇന്ത്യ 2026’ നവംബര്‍ 26, 27 തീയതികളില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍

ദോഹ: ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ.സി.സി) സംഘടിപ്പിക്കുന്ന പ്രവാസി സമൂഹത്തിന്റെ സാംസ്‌കാരിക ഉത്സവമായ ‘പാസേജ് ടു ഇന്ത്യ 2026’ നവംബര്‍ 26, 27 തീയതികളില്‍ (വ്യാഴം, വെള്ളി) തിയ്യതികളില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ അരങ്ങേറും.
‘പാസേജ് ടു ഇന്ത്യ’ കേവലം ഒരു ആഘോഷം മാത്രമല്ലെന്നും, ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വവും ഖത്തറുമായുള്ള ദീര്‍ഘകാല സൗഹൃദവും ആഘോഷിക്കുന്ന വേദിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ : കെ ശ്രീകര്‍ റെഡ്ഢി പറഞ്ഞു. ഭാഷയിലും സംസ്‌കാരത്തിലും ഭക്ഷണരീതികളിലും വൈവിധ്യം പുലര്‍ത്തുന്ന ഇന്ത്യന്‍ പൈതൃകം ഖത്തറിലെ സ്വദേശികള്‍ക്കും വിവിധ രാജ്യക്കാരായ പ്രവാസികള്‍ക്കും മുന്നില്‍ അവതരിപ്പിക്കാനുള്ള മികച്ച അവസരമാണിത്. ഖത്തറില്‍ ജനിച്ചുവളരുന്ന ഇന്ത്യന്‍ കുട്ടികള്‍ക്ക് സ്വന്തം രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരവും കലാരൂപങ്ങളും അടുത്തറിയാന്‍ മേള സഹായകമാകുമെന്നും ഇന്ത്യന്‍ സ്ഥാനപതി കൂട്ടിച്ചേര്‍ത്തു. നൂറ്റാണ്ടുകളായി സമുദ്രവ്യാപാരത്തിലൂടെയും വ്യക്തിബന്ധങ്ങളിലൂടെയും വളര്‍ന്നുവന്ന ഇന്ത്യ-ഖത്തര്‍ സൗഹൃദം ഇത്തരം സാംസ്‌കാരിക വിനിമയങ്ങളിലൂടെ കൂടുതല്‍ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അമൃത രാജനും സംഘവും അവതരിപ്പിക്കുന്ന തത്സമയ സംഗീതനിശയും പ്രശസ്ത ഗായകന്‍ ശ്രേയസ് പട്കറുടെ പ്രത്യേക സംഗീത പരിപാടിയുമാണ് പ്രധാന ആകര്‍ഷണങ്ങള്‍.
കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെയും സമൂഹങ്ങളുടെയും തനത് വേഷവിധാനങ്ങളും സംഗീതവും നാടന്‍ കലാരൂപങ്ങളും അണിനിരക്കുന്ന വര്‍ണ്ണാഭമായ കള്‍ച്ചറല്‍ പരേഡോടെയാണ് തുടക്കം കുറിക്കുക.
തിരുവാതിര, മോഹിനിയാട്ടം, കഥക്, ഗര്‍ഭ തുടങ്ങിയ ക്ലാസിക്കല്‍-പരമ്പരാഗത നൃത്തരൂപങ്ങള്‍ക്കൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നാടോടി നൃത്തങ്ങളും അരങ്ങേറും. ചെണ്ടമേളം, മെഗാ തിരുവാതിര, തമിഴ് പറൈ, ദാണ്ഡിയ എന്നിവ സമന്വയിപ്പിച്ചുള്ള പ്രത്യേക ഫ്യൂഷന്‍ ഡാന്‍സും ഐ.സി.സി അനുബന്ധ സംഘടനകളുടെ ‘ഭാരത് ദര്‍ശന്‍’ കലാപരിപാടികളും മേളയ്ക്ക് മിഴിവേകും.
വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പൈതൃകം പരിചയപ്പെടുത്തുന്ന സാംസ്‌കാരിക പവലിയനുകള്‍, കരകൗശല വസ്തുക്കള്‍, പരമ്പരാഗത വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ സ്റ്റാളുകള്‍, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തനത് രുചികള്‍ അണിനിരക്കുന്ന വിപുലമായ ഫുഡ് കോര്‍ട്ട് എന്നിവയും മേളയുടെ ഭാഗമായി ഒരുക്കും.

ദോഹ വെസ്റ്റിന്‍ ഹോട്ടലില്‍ നടന്നവാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി അശ്വനികുമാര്‍,ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്,വൈസ് പ്രസിഡന്റ് ശാന്തനു ദേശ് പാണ്ടെ,
എന്നിവരും പങ്കെടുത്തു.