അഷ്റഫ് ചിറക്കലിന് മാനേജ്മെന്റിൽ ഡോക്ടറേറ്റ്

ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് സംരംഭങ്ങളായ ഗ്രാൻഡ് മാൾ, ഇമാറ ഹെൽത്ത് കെയർ എന്നിവയുടെ റീജ്യണൽ ഡയറക്ടറും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ അഷ്റഫ് ചിറക്കലിന് മാനേജ്മെന്റിൽ ഡോക്ടറേറ്റ്.

ഉത്തർപ്രദേശിലെ ഗ്ലോക്കൽ യൂണിവേഴ്സിറ്റിയാണ് ‘Impact of Transformation on Marketing Strategies – A Comparative Study’ എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിന് ഡോക്ടറേറ്റ് സമ്മാനിച്ചത്. കഴിഞ്ഞ ദിവസം സർവകലാശാലയിൽ നടന്ന കോൺവൊക്കേഷനിൽ ഗവൺമെന്റ് വകുപ്പുകളിലെയും വിദ്യാഭ്യാസ മേഖലയിലെയും പ്രമുഖരുടെ സാന്നിധ്യത്തിൽ അദ്ദേഹം ഡോക്ടറേറ്റ് ഏറ്റുവാങ്ങി.
മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിയായ അഷ്റഫ് ചിറക്കൽ എൻജിനീയറിങ് ബിരുദധാരിയും ബിസിനസ് ഇന്റലിജൻസിൽ ബിരുദാനന്തര ബിരുദം നേടിയ പ്രൊഫഷണലുമാണ്. ഒരു പതിറ്റാണ്ടിലേറെയായി ഖത്തറിലെ വ്യവസായ, ബിസിനസ് മേഖലകളിലും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും സജീവമായി പ്രവർത്തിച്ചുവരുന്നു.
ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ അപെക്സ് സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന അദ്ദേഹം ഇന്ത്യൻ കൾച്ചറൽ സെന്റർ ഉപദേശക സമിതി അംഗം കൂടിയാണ്. ബിസിനസ് രംഗത്തെ പ്രവർത്തനമികവിനൊപ്പം സാമൂഹിക-സാംസ്കാരിക മേഖലകളിലെ ഇടപെടലുകളിലൂടെയും ശ്രദ്ധേയനായ അഷ്റഫ് ചിറക്കലിന്റെ പ്രൊഫഷണൽ ജീവിതത്തിലെ സുപ്രധാന നേട്ടമാണ് ഈ ഡോക്ടറേറ്റ്.
ആബിദയാണ് ഭാര്യ. ഖത്തർ എയർവേയ്സിൽ പൈലറ്റായ അൻസഫ് ചിറക്കൽ, ഡോക്ടർ അഹ്സാന അഷ്റഫ് എന്നിവർ മക്കളാണ്. സി.ഡബ്ല്യു.ആർ.ഡി.എം (CWRDM) ൽ ശാസ്ത്രജ്ഞനായ ഇഹ്ജാസ് മരുമകനാണ്.
