Local News

ഇന്ത്യന്‍ അംബാസഡര്‍ വിപുലിന് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്‌നേഹോഷ്മളമായ യാത്രയയപ്പ്

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ , ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം , ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ , ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഐസിസി അശോക ഹാളിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്.

ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന്‍ സ്വാഗതം ആശംസിക്കുകയും അനുമോദന സന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐഎസ്സി പ്രസിഡന്റ് ഇ.പി. അബ്ദുല്‍റഹ്‌മാന്‍, ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ് എന്നിവര്‍ അനുമോദന സന്ദേശങ്ങള്‍ നല്‍കി.

ഐസിസി, ഐസിബിഎഫ്, ഐഎസ്സി, ഐബിപിസി എന്നീ നാല് അപ്പക്‌സ് സംഘടനകളും ചേര്‍ന്ന്, ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് നല്‍കിയ മാതൃകാപരമായ സേവനങ്ങളും വിലപ്പെട്ട സംഭാവനകളും മാനിച്ച് അംബാസഡര്‍ വിപുലിനെ ആദരിച്ചു.

ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ച അംബാസഡര്‍ വിപുല്‍, ഖത്തറിലെ തന്റെ സേവനകാലയളവില്‍ ഇന്ത്യന്‍ സമൂഹം നല്‍കിയ സഹകരണത്തിനും പിന്തുണയ്ക്കും ആത്മാര്‍ത്ഥമായ നന്ദി പറയുകയും, ഖത്തറിലെ അനുഭവങ്ങളും സമൂഹവുമായി ഉണ്ടായ ആത്മബന്ധവും പങ്കുവെക്കുകയും ചെയ്തു.

ഐസിസി ജനറല്‍ സെക്രട്ടറി എബ്രഹാം കെ. ജോസഫ് നന്ദി പറഞ്ഞു. എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍, കൗണ്‍സിലര്‍ (ഹെഡ് ഓഫ് ചാന്‍സറി & കോണ്‍സുലര്‍) ഡോ. വൈഭവ് എ. തണ്ടാലെ, ഐസിസി, ഐസിബിഎഫ്, ഐഎസ്സി, ഐബിപിസി എന്നിവയുടെ മാനേജിംഗ് കമ്മിറ്റി, അഡൈ്വസറി കമ്മിറ്റി അംഗങ്ങള്‍, അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാര്‍, കൂടാതെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.