Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇന്‍കാസ് ഖത്തറിന്റെ ഉമ്മന്‍ ചാണ്ടി മൂന്നാം ചരമ വാര്‍ഷികാചരണം ശ്രദ്ധേയമായി

മുന്‍ കേരളാ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഇന്‍കാസ് ഖത്തര്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണവും, ‘ഉമ്മന്‍ ചാണ്ടി ജനസേവാ’ പുരസ്‌കാര സമര്‍പ്പണവും ജന പങ്കാളിത്തത്താല്‍ അദ്ദേഹത്തിന് ഉചിതമായ ആദരവിന് വേദിയായി. ഉമ്മന്‍ ചാണ്ടിയുടെ ജീവിതയാത്രയെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനത്തോടെ അനുസ്മരണ ചടങ്ങുകള്‍ ആരംഭിച്ചപ്പോള്‍, തിങ്ങി നിറഞ്ഞ ഐ.സി.സി അശോകാ ഹാളില്‍ കൂടിയവരുടെ മനസ്സില്‍ ഉമ്മന്‍ ചാണ്ടി പുനര്‍ജനിക്കുകയായിരുന്നു. ആറന്മുള എം.എല്‍.എ അഡ്വ. അബിന്‍ വര്‍ക്കി കോടിയാട്ട് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. കരുണയും, ചേര്‍ത്ത് നിര്‍ത്തലുമായിരുന്നു ഉമ്മന്‍ ചാണ്ടി സാറിന്റെ ശൈലി എന്ന് അദ്ദേഹം അനുസ്മരിച്ചു. പാവപ്പെട്ടവരുടെയും അശരണരുടെയും പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോള്‍ അദ്ദേഹത്തിന് മറ്റൊന്നും ഒരു തടസ്സമേ ആയിരുന്നില്ല. ഉമ്മന്‍ ചാണ്ടി സാറിന്റെ പ്രവര്‍ത്തനങ്ങള്‍ തങ്ങളെപ്പോലുള്ള പൊതു പ്രവര്‍ത്തകര്‍ക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍കാസ് ആക്ടിംഗ് പ്രസിഡന്റ് അഷറഫ് വടകര ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി കെ.വി. ബോബന്‍ സ്വാഗതം ആശംസിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ സ്മരണാര്‍ത്ഥം, മികച്ച പൊതുപ്രവര്‍ത്തകര്‍ക്കായി ഇന്‍കാസ് ഖത്തര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ‘ഉമ്മന്‍ ചാണ്ടി ജനസേവാ പുരസ്‌കാരം’ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, അഡ്വ. അബിന്‍ വര്‍ക്കിയില്‍ നിന്നും ഏറ്റുവാങ്ങി.

അഡ്വ. അബിന്‍ വര്‍ക്കി എം .എല്‍.എക്കുള്ള ഇന്‍കാസ് ഖത്തറിന്റെ സ്‌നേഹോപഹാരം ആക്ടിംഗ് പ്രസിഡന്റ് അഷറഫ് വടകരയും, ജനറല്‍ സെക്രട്ടറി കെ.വി. ബോബനും ചേര്‍ന്ന് കൈമാറി. ജോണ്‍ ഗില്‍ബര്‍ട്ട് അദ്ദേഹത്തെ ഷാള്‍ അണിയിച്ച് ആദരിച്ചു. ഇന്‍കാസ് ഭാരവാഹികളും, ലേഡീസ് വിംഗ് ഭാരവാഹികളും സന്നിഹിതരായിരുന്നു.

ഐ.സി.സി ഉപദേശക സമിതി ചെയര്‍മാന്‍ പി.എന്‍. ബാബുരാജന്‍, ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയര്‍മാന്‍ കെ. എസ്. പ്രസാദ്, സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം, കെ.ബി.എഫ് പ്രസിഡന്റ് ഷഹീന്‍ ഷാഫി, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, പ്രവാസി വെല്‍ഫയര്‍ ആന്റ് കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ചന്ദ്രമോഹന്‍ പിള്ള തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാസില്‍ അബൂബക്കര്‍ നന്ദി പറഞ്ഞു.

ഉമ്മന്‍ ചാണ്ടി അനുസ്മരണ കമ്മിറ്റി ഭാവരവാഹികളായ ഈപ്പന്‍ തോമസ്സ്, സിറാജ് പാലൂര്‍, ബി. എം. ഫാസില്‍, ഫാസില്‍ അബൂബക്കര്‍, മീഡിയ കോര്‍ഡിനേറ്റര്‍ സര്‍ജിത്ത് കുട്ടംപറമ്പത്ത്, എന്നിവരോടൊപ്പം മറ്റ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും യൂത്ത് വിംഗ്- ലേഡീസ് വിംഗ് ഭാരവാഹികളും, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും അനുസ്മരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button