വേനല്‍ക്കാല ക്യാമ്പിന് വര്‍ണാഭമായ സമാപനം; കുരുന്നുകളുടെ സര്‍ഗാത്മക മികവ് കൈയടി നേടി – International Malayaly
Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

വേനല്‍ക്കാല ക്യാമ്പിന് വര്‍ണാഭമായ സമാപനം; കുരുന്നുകളുടെ സര്‍ഗാത്മക മികവ് കൈയടി നേടി

ദോഹ, ഖത്തര്‍: ടാക് ഖത്തറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 2026 വേനല്‍ക്കാല ക്യാമ്പിന് വര്‍ണാഭമായ സമാപനം. കുട്ടികളുടെ സര്‍ഗാത്മക കഴിവുകളും ആത്മവിശ്വാസവും കലാപരമായ മികവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിന്റെ സമാപന ചടങ്ങ് രക്ഷിതാക്കളുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തില്‍ ആഘോഷപൂര്‍വം നടന്നു.

ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ അവതരിപ്പിച്ച നൃത്തം, സംഗീതം, വിവിധ കലാപരിപാടികള്‍ എന്നിവ ചടങ്ങിനെ ശ്രദ്ധേയമാക്കി. പരിശീലന കാലയളവില്‍ കുട്ടികള്‍ കൈവരിച്ച കലാപരമായ പുരോഗതി ഓരോ അവതരണങ്ങളിലും പ്രകടമായിരുന്നു. ക്യാമ്പിനോടനുബന്ധിച്ച് ഒരുക്കിയ വിവിധ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനവും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
ജയാനന്ദന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് ഐസിസി പ്രസിഡന്റ് മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സമഗ്ര വളര്‍ച്ചയ്ക്ക് ഇത്തരം വേനല്‍ക്കാല ക്യാമ്പുകള്‍ ഏറെ പ്രയോജനകരമാണെന്നും കലയും സംസ്‌കാരവും പുതുതലമുറയിലേക്ക് കൈമാറുന്നതില്‍ ടാക് ഖത്തര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ടാക് ഡയറക്ടര്‍ ശ്രീനിവാസന്‍ സ്വാഗതം ആശംസിച്ചു. ടിജെഎസ് വി പ്രസിഡന്റ് വിഷ്ണു ആശംസാപ്രസംഗം നടത്തി. കുട്ടികളുടെ ആത്മവിശ്വാസവും കലാപരമായ കഴിവുകളും വളര്‍ത്തിയെടുക്കുന്നതില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.

ടാക് ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ നന്ദി പറഞ്ഞു. ഡയറക്ടര്‍മാരായ ഗഫൂറും റഫീയും ചടങ്ങില്‍ പങ്കെടുത്തു.

ക്യാമ്പില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു. രക്ഷിതാക്കളുടെയും വിശിഷ്ടാതിഥികളുടെയും വന്‍ പങ്കാളിത്തവും സംഘാടക മികവും കൊണ്ട് വേനല്‍ക്കാല ക്യാമ്പിന്റെ സമാപനച്ചടങ്ങ് ശ്രദ്ധേയമായി.

Related Articles

Back to top button