Local News

എഞ്ചിനീയേഴ്സ് ഡേ 2026: എഞ്ചിനീയേഴ്സ് ഫോറം ഖത്തറിന്റെ മൂന്ന് സുപ്രധാന സംരംഭങ്ങള്‍ക്ക് തുടക്കം

എഞ്ചിനീയേഴ്സ് ഫോറം ഖത്തറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എഞ്ചിനീയേഴ്സ് ഡേ 2026 ആഘോഷം സെപ്റ്റംബര്‍ 18-ന് ദോഹ അല്‍ മെസ്സില ബാള്‍റൂമില്‍ വിവിധ പരിപാടികളോടെ നടന്നു. ‘Engineered Urban Life: Smart, Sustainable, Human’ എന്ന പ്രമേയത്തെ ആസ്പദമാക്കിയായിരുന്നു ഈ വര്‍ഷത്തെ എഞ്ചിനീയേഴ്സ് ഡേ ആഘോഷം.

ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. കെ. ശ്രീകര്‍ റെഡ്ഡി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എഞ്ചിനീയേഴ്സ് ഫോറം ഖത്തറിന്റെ മൂന്ന് സുപ്രധാന സംരംഭങ്ങള്‍ക്കും അദ്ദേഹം ഔദ്യോഗികമായി തുടക്കം കുറിച്ചു.

ഇ എഫ് ബിസിനസ് നെറ്റ് വര്‍ക് എന്നത് ഫോറത്തിലെ ബിസിനസ് ഉടമകളെയും വിവിധ മേഖലകളിലെ പ്രൊഫഷണലുകളെയും പരസ്പരം ബന്ധിപ്പിക്കുകയും അവരുടെ ബിസിനസ്-പ്രൊഫഷണല്‍ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന വേദിയാണ്.

എഞ്ചിനീയേഴ്സ് ഫോറം ഖത്തറിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ‘ഇ എഫ് എലവേറ്റ് എന്ന സംരംഭത്തിലൂടെ പ്രൊഫഷണല്‍, സാംസ്‌കാരിക, സാങ്കേതിക, സാമൂഹിക മേഖലകളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

അംഗങ്ങളുടെ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സംഘടനയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഡിജിറ്റല്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുമായി രൂപകല്‍പ്പന ചെയ്ത ഇ എഫ് ഡിജിറ്റലൈസേഷന്‍ പ്‌ളാറ്റ്‌ഫോമും ചടങ്ങില്‍ തുടക്കം കുറിച്ചു.

എഞ്ചിനിയേഴ്സ് ഫോറം ഖത്തര്‍ ജനറല്‍ സെക്രട്ടറി നിധിന്‍ ഒതേനി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എന്‍ജിനീയര്‍ അഷിഖ് അഹമ്മദ് അധ്യക്ഷ പ്രസംഗത്തില്‍ ഫോറത്തിന്റെ 25 വര്‍ഷത്തെ പ്രവര്‍ത്തനയാത്രയും എഞ്ചിനീയറിംഗ് സമൂഹത്തോടുള്ള സംഘടനയുടെ പ്രതിബദ്ധതയും ഭാവി പ്രവര്‍ത്തനങ്ങളുടെ കാഴ്ചപ്പാടും വിശദീകരിച്ചു.

ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ പ്രസിഡന്റ് താഹ മുഹമ്മദ് ആശംസാ പ്രസംഗം നടത്തി.

എഞ്ചിനിയേഴ്സ് ഫോറം ഖത്തറിന്റെ മുതിര്‍ന്ന അംഗം സതീഷ് പിള്ള ചടങ്ങില്‍ സന്നിഹിതനായിരുന്നു. വിശിഷ്ടാതിഥികളെയും പരിപാടിയുടെ സ്‌പോണ്‍സര്‍മാരെയും അവരുടെ സാന്നിധ്യത്തിനും പിന്തുണയ്ക്കും സംഭാവനകള്‍ക്കും ആദരിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.

എഞ്ചിനീയേഴ്സ് ഡേയുടെ ഭാഗമായി നഗരവികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രത്യേക സാങ്കേതിക സെഷനുകളും സംഘടിപ്പിച്ചു.

അര്‍ബന്‍ ടെക്‌നോളജി സിസ്റ്റംസ് എന്ന വിഷയത്തില്‍ മീസ ചീഫ് എന്റര്‍പ്രൈസ് ആര്‍ക്കിടെക്ട് എന്‍ജിനീയര്‍ മുക്താര്‍ മന്‍സൂര്‍, അര്‍ബന്‍ മൊബിലിറ്റി എന്ന വിഷയത്തില്‍ അറബ് എഞ്ചിനീയറിംഗ് ബ്യൂറോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൊയിന്‍ അസ്മി, ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്‍ എന്ന വിഷയത്തില്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് അര്‍ബന്‍ പ്ലാനിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മാധവി ഇന്ദ്രഗന്തി, സസ്‌റ്റൈനബിലിറ്റി എന്ന വിഷയത്തില്‍ ആര്‍ക്കിടെക്ചറല്‍ ഗ്രൂപ്പ് മേധാവി മുഹമ്മദ് നജ്ജാര്‍ എന്നിവര്‍ പ്രഭാഷണം നടത്തി.

സാങ്കേതികവിദ്യ, നഗര ഗതാഗതം, വാസ്തുവിദ്യ, രൂപകല്‍പ്പന, സുസ്ഥിരത തുടങ്ങിയ മേഖലകളിലെ പുതിയ ആശയങ്ങളും സാധ്യതകളും പ്രഭാഷകര്‍ പങ്കുവെച്ചു. കൂടുതല്‍ സ്മാര്‍ട്ടും സുസ്ഥിരവും മനുഷ്യകേന്ദ്രിതവുമായ നഗരജീവിതം രൂപപ്പെടുത്തുന്നതില്‍ എഞ്ചിനീയറിംഗ് മേഖലയ്ക്കുള്ള പങ്കും ചര്‍ച്ചയായി.

എഞ്ചിനിയേഴ്സ് ഫോറം ഖത്തര്‍ ടെക്‌നിക്കല്‍ സെക്രട്ടറി എന്‍ജിനീയര്‍ പ്രശാന്ത് മാത്യു നന്ദി പറഞ്ഞു