Local News

ഭവന്‍സ് പബ്ലിക് സ്‌കൂളിന്റെ പുതിയ ക്യാമ്പസ് മിസൈമീറില്‍ ഉദ്ഘാടനം ചെയ്തു


ദോഹ: ഭവന്‍സ് പബ്ലിക് സ്‌കൂളിന്റെ മെസൈമീറിലെ പുതിയ ക്യാമ്പസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മിസ്നാദ് കുടുംബത്തെ പ്രതിനിധീകരിച്ച് മുഹമ്മദ് ബിന്‍ ഖാലിദ് ബിന്‍ നാസര്‍ അല്‍ മിസ്നാദ്, ഖത്തര്‍ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഒമര്‍ അബ്ദുല്‍ അസീസ് അല്‍ നാമ, ഇന്ത്യന്‍ അംബാസഡര്‍ ഡോ. കെ. ശ്രീകര്‍ റെഡ്ഡി, എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജെ.കെ. മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ക്യാപിറ്റല്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിലെ ക്യാപ്റ്റന്‍ ഹസ്സന്‍ ഖലീഫ സാല്‍മി, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ പ്രതിനിധികള്‍, വ്യവസായ-വാണിജ്യ, സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
2026 ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച പുതിയ ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആധുനികവും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതവുമായ പഠനസൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 19,500 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് നിര്‍മിച്ച കെട്ടിടസമുച്ചയത്തിന് ഏകദേശം 26,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ട്.വിശാലമായ ക്ലാസ് മുറികള്‍, ആധുനിക സയന്‍സ്-കമ്പ്യൂട്ടര്‍ ലാബുകള്‍, ലൈബ്രറി, 750-ലധികം പേര്‍ക്ക് ഇരിക്കാവുന്ന സെമിനാര്‍ ഹാള്‍, നീന്തല്‍ക്കുളം, കളിസ്ഥലങ്ങള്‍, മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സൗകര്യം എന്നിവ ക്യാമ്പസിലുണ്ട്.
ചടങ്ങില്‍ സംസാരിച്ച ജെ.കെ. മേനോന്‍ ഖത്തര്‍ ഭരണകൂടത്തിനും മിസ്നാദ് കുടുംബത്തിനും വിശിഷ്ടാതിഥികള്‍ക്കും പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി അറിയിച്ചു.വിദ്യാര്‍ത്ഥികളുടെ അറിവിനും സ്വഭാവരൂപീകരണത്തിനും മൂല്യബോധത്തിനും ഭാവി അവസരങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന പുതിയ വിദ്യാഭ്യാസ യാത്രയുടെ തുടക്കമാണ് ക്യാമ്പസ് ഉദ്ഘാടനമെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തരി സംസ്‌കാരത്തില്‍ വേരൂന്നിയ മൂല്യങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര കാഴ്ചപ്പാടും സാങ്കേതികവിദ്യയും കുട്ടികേന്ദ്രീകൃത പഠനരീതിയും സമന്വയിപ്പിച്ച് അക്കാദമിക് മികവ് കൈവരിക്കുകയാണ് സ്‌കൂളിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഖത്തര്‍ നാഷണല്‍ വിഷന്‍ 2030-ന് അനുസൃതമായി അറിവും ആത്മവിശ്വാസവും സര്‍ഗാത്മകതയും ഉത്തരവാദിത്തബോധവുമുള്ള ആഗോള പൗരന്മാരെ വളര്‍ത്തിയെടുക്കുന്നതിനുള്ള സ്‌കൂളിന്റെ പ്രതിബദ്ധതയും അദ്ദേഹം വിശദീകരിച്ചു.
2010-ല്‍ സ്ഥാപിതമായ ഭവന്‍സ് പബ്ലിക് സ്‌കൂള്‍, അല്‍ മിസ്നാദ് എഡ്യൂക്കേഷന്‍ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതും ഭാരതീയ വിദ്യാഭവന്‍ ശൃംഖലയുടെ ഭാഗവുമാണ്. ഖത്തര്‍ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളില്‍ 13 രാജ്യങ്ങളില്‍ നിന്നായി ഏകദേശം 2,700 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.എല്‍.കെ.ജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂളില്‍ 145 അധ്യാപകര്‍ ഉള്‍പ്പെടെ 255 ജീവനക്കാരുണ്ട്.
പ്രസംഗത്തില്‍ എബിഎന്‍ ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനും ഖത്തറിലെ ഭവന്‍സ് വിദ്യാഭ്യാസ സംരംഭത്തിന് അടിത്തറ പാകിയ വ്യക്തിയുമായ പരേതനായ പത്മശ്രീ അഡ്വ. സി.കെ. മേനോനെ ജെ.കെ. മേനോന്‍ അനുസ്മരിച്ചു.
വിദ്യാഭ്യാസം, ജീവകാരുണ്യ പ്രവര്‍ത്തനം, സാമൂഹിക ക്ഷേമം എന്നീ മേഖലകളില്‍ പിതാവ് നല്‍കിയ സംഭാവനകളും ദീര്‍ഘവീക്ഷണവും അര്‍പ്പണബോധവുമാണ് സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. 2006-ല്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരവും 2009-ല്‍ ഭാരത സര്‍ക്കാരിന്റെ പത്മശ്രീ ബഹുമതിയും സി.കെ. മേനോന് ലഭിച്ചിരുന്നു.
സ്ഥാപനത്തിന്റെ ചീഫ് പാട്രണ്‍ അലി ബിന്‍ നാസര്‍ അല്‍ മിസ്നാദ്, പാട്രണ്‍ ഡോ. മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്നാദ് എന്നിവരുടെ പിന്തുണയ്ക്കു അദ്ദേഹം നന്ദി അറിയിച്ചു.
ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്, സ്‌കൂള്‍ മാനേജ്‌മെന്റ്, പ്രിന്‍സിപ്പല്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
പുതിയ ക്യാമ്പസിലൂടെ ഖത്തറിലെ വിദ്യാഭ്യാസ മേഖലയ്ക്കുള്ള സംഭാവനകള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ വെല്ലുവിളികളും അവസരങ്ങളും നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനുമാണ് സ്‌കൂള്‍ ലക്ഷ്യമിടുന്നത്.