Local News

ഇന്ത്യ എ ക്രിക്കറ്റ് ടീമിന് ഇന്ത്യന്‍ സ്‌പോടര്‍ട്‌സ് സെന്റര്‍ സ്വീകരണം നല്‍കി

ഖത്തറില്‍ നടക്കുന്ന എ.സി.സി റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാകപ്പ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യ എ ക്രിക്കറ്റ് ടീമിന് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ദോഹ ലാസിഗെല്‍ ഹോട്ടലില്‍ വെച്ച് നടന്ന സ്വികരണ ചടങ്ങ് ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. കെ ശ്രീഖര്‍ റെഡ്ഢി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഇ.പി അബ്ദുറഹ്‌മാന്‍ കളിക്കാരെയു വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്തു.

റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാകപ്പ് ടൂര്‍ണ്ണമെന്റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ യു.എ.ഇയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയ ആവേശത്തിലാണ് ക്യാപ്റ്റന്‍ തിലക് വര്‍മയും കൂട്ടരും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്വീകരണം ഏറ്റുവാങ്ങാനെത്തിയത്. എ ക്രിക്കറ്റിലെ വേഗതയേറിയ സെഞ്ച്വറിയും ഡബ്ള്‍ സെഞ്ച്വറിയം സ്വന്തം പേരില്‍ അടിച്ചെടുത്ത വൈഭവ് സൂര്യവംശിയെയും മറ്റ് കളിക്കാരെയും ഹര്‍ഷാരവത്തോടെ ഇന്ത്യന്‍ സമൂഹം എതിരേറ്റു.

ടീം ഇന്ത്യാ ക്യപ്റ്റന്‍ തിലക് വര്‍മ, വൈസ് ക്യപ്റ്റന്‍ റിങ്കു സിംഗ് , ചീഫ് കോച്ച് ഹൃഷികേശ് കനിത്കര്‍, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രഗ്യാന്‍ ഓജ, ബൌളിംഗ് കോച്ച് കെ.ബാലാജി, മാനേജര്‍ കൃഷ്ണ പോഫേല്‍ ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്കും ഒഫീഷ്യല്‍സിനുമുള്ള ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം ഇന്ത്യന്‍ അംബാസഡര്‍ ഡോ. കെ ശ്രീഖര്‍ റെഡ്ഢിയും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഇ.പി അബ്ദുറഹ്‌മാനും ചേര്‍ന്ന് നല്‍കി. എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.എസ്.സി കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഹരീഷ് പാണ്ഡേ, ഫസ്റ്റ് സെക്രട്ടറി അശ്വിനി കുമാര്‍, ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ.ബി.പി.സി പ്രസിഡണ്ട് താഹാ മുഹമ്മദ് തുടങ്ങി വിവിധ അപ്പക്‌സ് ബോഡി ഭാരവാഹികളും സംഘടനാ പ്രതിനിധികളും എംബസ്സി ഒഫീഷ്യല്‍സും ചടങ്ങില്‍ സന്നിഹിതരായി. ടീം കോച്ച് ഹൃഷികേശ് കനിത്കര്‍ മറുപടി പ്രസംഗം നടത്തി.

സ്വീകരണ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഐ.എസ്.സി ജനറല്‍ സെക്രട്ടറി ഹംസ യൂസുഫ് നന്ദി അറിയിച്ചു. ഐ.എസ്. സി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ദീപക് ചുക്കാല, ബഷീര്‍ തുവാരിക്കല്‍, കവിതാ മഹേന്ദ്രന്‍, അബ്ദുല്‍ അസീം, ചന്ദ്രശേഖര്‍ അങ്ങാടി, ഹംസ പി. കുനിയില്‍, സോമ് രാജു, നിവേദിത മേത, അഡൈ്വസറി മെമ്പര്‍ സുബ്രഹ്‌മണ്യ ഹെബ്ബഗെലു തുടങ്ങിയവര്‍ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍കി.