പഴയ ദോഹയുടെ ഓര്‍മകളുമായി ‘മയ്യഴിയില്‍നിന്ന് മരുഭൂമിയിലേക്ക്’ ദോഹയില്‍ പ്രകാശനം ചെയ്തു

ദോഹ: മുന്‍ ഖത്തര്‍ പ്രവാസി മന്‍സൂര്‍ പള്ളൂരിന്റെ പുതിയ പുസ്തകം ‘മയ്യഴിയില്‍നിന്ന് മരുഭൂമിയിലേക്ക്’ നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ജെ.കെ. മേനോനും അന്തരിച്ച പത്മശ്രീ സി.കെ. മേനോന്റെ ഭാര്യ ജയശ്രീ മേനോനും ചേര്‍ന്ന് ദോഹയില്‍ പ്രകാശനം ചെയ്തു. ഖത്തര്‍ ഭവന്‍സ് പബ്ലിക് സ്‌കൂള്‍ ഡയറക്ടര്‍ ശില്പ മേനോനും ഗ്രന്ഥകര്‍ത്താവും ചടങ്ങില്‍ പങ്കെടുത്തു.
1957-ല്‍ ബേപ്പൂരില്‍നിന്ന് ഉരുവില്‍ ഗള്‍ഫിലേക്ക് പുറപ്പെട്ട ഉപ്പയുടെ അനുഭവങ്ങളില്‍നിന്ന് പഴയ ദോഹയിലെ മലയാളി പ്രവാസജീവിതവും ഖത്തറിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളും പുസ്തകം വരച്ചുകാട്ടുന്നു. അല്‍ഖോറിന്റെ വ്യാവസായിക പുരോഗതിയില്‍ പങ്കുവഹിച്ച സീഷോര്‍ മുഹമ്മദ് അലിയും ദോഹയിലെ വ്യവസായരംഗത്തുനിന്ന് ദേശീയ അംഗീകാരത്തിലേക്കുയര്‍ന്ന സി.കെ. മേനോനും ഈ ഓര്‍മകളില്‍ ഇടംനേടുന്നു.
ഖത്തറിലെയും സൗദിയിലെയും മരുഭൂമിജീവിതം, പ്രകൃതി, സംഗീതം, നാടോടിക്കഥകള്‍, ഗോത്രപാരമ്പര്യങ്ങള്‍ എന്നിവയും പുസ്തകത്തില്‍ കടന്നുവരുന്നു. മലയാളികളും പ്രവാസികളും വായിച്ചിരിക്കേണ്ട കൃതിയാണിതെന്ന് പ്രസാധകരായ മാതൃഭൂമി ബുക്‌സ് സാക്ഷ്യപ്പെടുത്തുന്നു. പുസ്തകം മാതൃഭൂമിയുടെ സ്റ്റാളുകളിലും ഓണ്‍ലൈനിലും ലഭ്യമാണ്.
