Breaking News

ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍

 

അമാനുല്ല വടക്കാങ്ങര

ദോഹ. ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ലുസൈല്‍ സ്‌റ്റേഡിയത്തിലെ നിറഞ്ഞ കാണികളെ സാക്ഷികളാക്കി മികച്ച ഫോമില്‍ മെസ്സിയും സംഘവും നിറഞ്ഞാടിയപ്പോള്‍ കാല്‍പന്തുകളിലോകം ആര്‍ത്തുവിളിച്ചും കയ്യടിച്ചും പൂര്‍ണ പിന്തുണ നല്‍കി. കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യ അര്‍ജന്റീനക്ക് നല്‍കിയ കനത്ത പ്രഹരത്തിനുള്ള മധുരപ്രതികാരം വീട്ടിയാണ് അര്‍ജന്റീന ഫൈനലുറപ്പിച്ചത്.

കളിയുടെ തുടക്കം മുതല്‍ തന്നെ ശക്തമായ മുന്നേറ്റം നടത്തിയ അര്‍ജന്റീന മെസ്സിയുടെ പെനാല്‍ട്ടി ഗോളിലൂടെയാണ് മുന്നിട്ട് നിന്നത്. യൂലിയന്‍ ആല്‍വരേസിന്റെ ഇരട്ട ഗോളുകള്‍ അര്‍ജന്റീനക്ക് ആധികാരിക വിജയമുറപ്പിച്ചു. തിരിച്ചടിക്കാനുള്ള ലൂക്ക മോദിറിച്ചിന്റേയും ടീമിന്റേയും എല്ലാ നീക്കങ്ങളേയും പ്രതിരോധിച്ച് അര്‍ജന്റീന ആരാധകരെ ആവേശത്തേരിലാക്കി.