Breaking News

ഖത്തറില്‍ ഇതുവരെ 561044 ഡോസ് കോവിഡ് വാക്‌സിനുകള്‍ നല്‍കി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇതുവരെ 561044 ഡോസ് വാക്‌സിനുകള്‍ നല്‍കിയതായി പൊതുജനാരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച്് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 21278 ഡോസ് വാക്‌സിനുകള്‍ നല്‍കി. ഖത്തറില്‍ ഫൈസര്‍, മോഡേണ വാക്‌സിനുകളാണ് നല്‍കുന്നത്. ഇരു വാക്‌സിനുകളും സുരക്ഷിതമാണെന്നും വാക്‌സിനെടുത്തവര്‍ക്ക് കാര്യമായ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ 50 വയസ്സിന് മുകളിലുള്ളവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ മന്ത്രാലയങ്ങളിലെ മുന്‍നിര ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കുന്നത്. മന്ത്രാലയം എസ്. എം. എസിലൂടെ അപ്പോയന്റ്‌മെന്റുകള്‍ നല്‍കിയാണ് വാക്‌സിനേഷന്‍ പ്രോഗ്രാം നിയന്ത്രിക്കുന്നത്.

എല്ലാവരും അവരുടെ ഊഴമനുസരിച്ച് വാക്‌സിനെടുക്കുകയും സ്വന്തത്തിന്റേയും മറ്റുള്ളവരുടേയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് മന്ത്രാലയം ആവര്‍ത്തിച്ച്് ആവശ്യപ്പെട്ടു.