അധ്യാപകര്‍ നവീകരണത്തിന്റെ ശില്പികള്

ദോഹ : അധ്യാപകര്‍ നവീകരണ ചിന്താഗതിയോടെ മുന്നേറണം എന്ന സന്ദേശത്തോടെ ”അധ്യാപകര്‍ – നവീകരണത്തിന്റെ ശില്പികള്” എന്ന വിഷയത്തില്‍ അധ്യാപകര്‍ക്കായുള്ള ദ്വിദിന പരിശീലന ശില്പശാല നോബിള്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഷിബു അബ്ദുള്‍ റഷീദ് സ്വാഗതം ആശംസിച്ചു. കോച്ച് ഇന്ത്യ അക്കാദമിയുടെ ഡയറക്ടര്‍ നിസാം എ.പി. പരിശീലകനായി. അധ്യാപകര്‍ പഠനരീതികളില്‍ പുതുമകള്‍ ഉള്‍പ്പെടുത്തുകയും, വിദ്യാര്‍ത്ഥികളുടെ സൃഷ്ടിപരമായ കഴിവുകള്‍ വളര്‍ത്തുന്നതിനായി നവീന മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികളില്‍ അന്വേഷണാത്മക മനോഭാവവും പ്രശ്നപരിഹാര ശേഷിയും വളര്‍ത്താന്‍ പ്രചോദകര്‍ ആകണം അധ്യാപകര്‍ എന്നും അദ്ദേഹം വ്യക്തമാക്കി.
പരിശീലന പരിപാടിയില്‍ അധ്യാപകര്‍ സജീവമായി പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവെച്ചു. വിദ്യാര്‍ത്ഥി കേന്ദ്രിതമായ പഠനരീതികള്‍, സാങ്കേതിക വിദ്യയുടെ പ്രയോഗം, ക്ലാസ് മുറിയിലെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ നവീകരണ ആശയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. വൈസ് പ്രിന്‍സിപ്പല്‍സ് ജയമോന് ജോയ്, , റോബിന് കെ ജോസ്, ഷിഹാബുദ്ദീന്, സ്മിത എന്നിവര്‍ പങ്കെടുത്തു.
