Local News

നമ്മള്‍ ചാവക്കാട്ടുകാര്‍’ ഖത്തര്‍ ചാപ്റ്റര്‍ കുടുംബസംഗമം സൗഹൃദക്കൂട്ടായ്മയായി; 250-ലധികം പേര്‍ പങ്കെടുത്തു

പ്രവാസഭൂമിയില്‍ ചാവക്കാട്ടുകാരുടെ ഐക്യവും നന്മയും ലക്ഷ്യമിട്ട് രൂപീകരിച്ച ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ ആഗോള സൗഹൃദക്കൂട്ട് ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ കുടുംബസംഗമം സംഘടിപ്പിച്ചു. മിഡ്മാക് റൗണ്ട് എബൗട്ടിന് സമീപമുള്ള അത്ലന്‍ ക്ലബ് ഹൗസില്‍ നടന്ന സംഗമത്തില്‍ 250-ലധികം പേര്‍ പങ്കെടുത്തു.

ജാതി-മത-രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രവാസികളായ ചാവക്കാട്ടുകാരെ ഒരൊറ്റ കുടുംബമായി ചേര്‍ത്തുനിര്‍ത്താനും പരസ്പരം താങ്ങും തണലുമാവാനും നാടിന്റെ സംസ്‌കാരവും പൈതൃകവും നിലനിര്‍ത്താനുമാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്.

സംഘടന പ്രസിഡന്റ് ഷാജഹാന്‍ ജി.ആര്‍.വി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ലിഗിലാല്‍ കരിമ്പന്‍ സ്വാഗതം ആശംസിച്ചു. പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും സാമ്പത്തിക വിദഗ്ദ്ധനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി സംഗമം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കെ.എം.സി.സി തൃശൂര്‍ ജില്ലാ പ്രസിഡന്റ് നാസര്‍ എന്‍.ടി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് റിട്ട. സബ് ഇന്‍സ്‌പെക്ടറും എഴുത്തുകാരനുമായ എം.പി. മുഹമ്മദ് റാഫി ലഹരി ബോധവല്‍ക്കരണ പ്രഭാഷണവും നടത്തി.

നാട്ടിലെയും ഖത്തറിലെയും മുതിര്‍ന്ന വ്യക്തികളെയും പ്രമുഖരെയും ചടങ്ങില്‍ പ്രത്യേകം ആദരിച്ചു. 40 വര്‍ഷത്തെ അധ്യാപക ജീവിതം പൂര്‍ത്തിയാക്കിയ ഹുസൈന്‍ മാസ്റ്റര്‍ , 32 വര്‍ഷം അധ്യാപക ജീവിതം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി സുബൈദ ടീച്ചര്‍, 38 വര്‍ഷത്തെ പ്രവാസജീവിതം പിന്നിട്ട ട്രഷറര്‍ അലാവുദ്ധീന്‍ എ.കെ, സംഘടനയുടെ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ഹനീഫ് ചാവക്കാട്, റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ എം.പി. മുഹമ്മദ് റാഫി എന്നിവരെ ആദരിച്ചു.

ഐ.സി.സി ഖത്തര്‍ പ്രസിഡന്റ് എ.പി. മണികണ്ഠന്‍, ജനറല്‍ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഹാര്‍ട്ട് ഹോസ്പിറ്റലിലെ കാര്‍ഡിയോ വിഭാഗം മേധാവി ഡോ. അബ്ദുല്‍ റഷീദ് പട്ടത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

തുടര്‍ന്ന് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച ഒപ്പന അടക്കമുള്ള വിവിധ കലാപരിപാടികളും ‘വോയ്‌സ് ഓഫ് ഖത്തര്‍’ അംഗങ്ങളായ മുജീബ്, റഷാദ് ഖുറൈഷി, ഫൈസല്‍, സിതാര, ഹിബ എന്നിവര്‍ അവതരിപ്പിച്ച സംഗീതനിശയും അരങ്ങേറി.

ജോയിന്റ് സെക്രട്ടറിമാരായ റഷാദ് ഖുറൈഷി, ബഷീര്‍ അമ്പലത്ത്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അക്ബര്‍ അലി, ബഷീര്‍ മണത്തല, സജി രാഘവന്‍, മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, അബൂബക്കര്‍ വി.കെ, സലീം സി.കെ.ഡി, സജീര്‍ മജീദ്, മന്‍ഹാല്‍ നാസര്‍, റംഷാദ് പി. മൊയ്തുട്ടി, നജീബ് എം.എ, ഖാദര്‍ മച്ചാന്‍, അഷ്‌കര്‍ റഹ്‌മാന്‍, നവാസ് ആര്‍.കെ, ഷാദിര്‍ സി.കെ.ഡി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും നിയന്ത്രിക്കുകയും ചെയ്ത ചടങ്ങില്‍ ട്രഷറര്‍ അലാവുദ്ധീന്‍ എ.കെ, വൈസ് പ്രസിഡന്റ് നവാസ് തെക്കുംപുറം എന്നിവര്‍ നന്ദി പ്രകാശിപ്പിച്ചു.