Local News

ഷുക്കൂര്‍ കിനാലൂരിനെ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ചീഫ് പാട്രണായി തെരഞ്ഞെടുത്തു

ദോഹ: സാമൂഹ്യ ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ ചീഫ് പാട്രണായി പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷുക്കൂര്‍ കിനാലൂരിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ 15 വര്‍ഷമായി ചീഫ് പാട്രണായി സേവനമനുഷ്ഠിച്ച കെ. മുഹമ്മദ് ഈസയുടെ പെട്ടെന്നുള്ള വിയോഗത്തില്‍ വന്ന ഒഴിവിലേക്കാണ് ഷുക്കൂര്‍ കിനാലൂരിനെ തെരഞ്ഞെടുത്തത്.

ഖത്തര്‍ ആസ്ഥാനമായ എക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗിന്റെ ചെയര്‍മാന്‍ കൂടിയായ ഷുക്കൂര്‍ കിനാലൂര്‍, ഗ്രാന്‍ഡ് ഗോള്‍ഡ് ചെയര്‍മാന്‍, ഫാസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്.

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ കീഴില്‍ ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ, പരിശീലനങ്ങള്‍ക്കായി കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂള്‍, അനാഥരായ ഭിന്നശേഷിക്കാര്‍ക്ക് സുരക്ഷിത അഭയം ഒരുക്കുന്ന പ്രതീക്ഷാഭവന്‍, മാനസികാരോഗ്യ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഫാസ് കമ്മ്യൂണിറ്റി സൈക്യാട്രിക് ക്ലിനിക്, ദുരന്തനിവാരണ പരിശീലനവും രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളും ഒരുക്കുന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം ആന്‍ഡ് അഡ്വഞ്ചര്‍ അക്കാദമി, മലപ്പുറം നാഷണല്‍ ട്രസ്റ്റ് എല്‍.എല്‍.സി എന്‍.ജി.ഒ, കെയര്‍ എഫ്.എം 89.6 കമ്മ്യൂണിറ്റി റേഡിയോ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു.

2029 ഓടെ യാഥാര്‍ത്ഥ്യമാക്കാന്‍ ഉദ്ദേശിക്കുന്ന ‘കെയര്‍ വില്ലേജ്, ആണ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ ഭാവിയിലെ പ്രധാന പദ്ധതി. ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ അമരക്കാരനായി ഷുക്കൂര്‍ കിനാലൂര്‍ എത്തുന്നത് സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരും.