Local News

ഫോര്‍ മൈ ലവ് സീസണ്‍ 6 ഫെബ്രുവരി 9 മുതല്‍ 16 വരെ

ദോഹ: റേഡിയോ മലയാളം 98.6 എഫ്എം വര്‍ഷം തോറും നടത്തി വരുന്ന സാമൂഹ്യ ഉത്തരവാദിത്വ പരിപാടിയുടെ ഭാഗമായി ഇത്തവണ ഖത്തറിലേക്കെത്തുക പത്ത് ഭാര്യമാരും ഒപ്പം അഞ്ച് അമ്മമാരും. ഖത്തറിലെ പ്രവാസ സമൂഹത്തിന്റെ മുഴുവന്‍ പ്രശംസ നേടിയ ഫോര്‍ മൈ ലവ് സാമൂഹ്യ സേവന പരിപാടിയുടെ ആറാമത് എഡിഷന്‍ ഫെബ്രുവരി 9 മുതല്‍ 16 വരെ നടക്കുമെന്ന് മുഖ്യ സംഘാടകരായ റേഡിയോ മലയാളം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഖത്തര്‍ ഇന്ത്യന്‍ സമൂഹത്തിന്റെസഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി, ദീര്‍ഘകാലമായി ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അര്‍ഹരായ 10 പേരുടെ ഭാര്യമാരും, ഒപ്പം, നാട്ടില്‍ ഒറ്റക്ക് കഴിയുന്ന ഖത്തര്‍ പ്രവാസികളുടെ അമ്മമാരില്‍ നിന്നും തെരഞ്ഞെടുത്ത അഞ്ചു പേരുമാണ് ഇത്തവണ ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് ഖത്തറില്‍ എത്തുക. കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ ഏറെക്കുറെ ഒറ്റക്ക് കഴിയുന്ന അമ്മമാരെ കൂടി ഈ പ്രാവശ്യം ഫോര്‍ മൈ ലവ് പരിപാടിയുടെ ഭാഗമാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പതിറ്റാണ്ടുകളായി പ്രവാസ ജീവിതം നയിച്ചിട്ടും ഒരിക്കല്‍ പോലും സ്വന്തം ജീവിത പങ്കാളിക്ക് തങ്ങള്‍ ജീവിക്കുന്ന പ്രവാസ നാട് കാണിച്ചു കൊടുക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത പ്രവാസികളുടെ ഭാര്യമാരാണ് തികച്ചും സൗജന്യമായി ഒരാഴ്ച ഖത്തര്‍ സന്ദര്‍ശിക്കുക. ഫെബ്രുവരി 9 ന് ദോഹയിലെത്തുന്ന ഇവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍, തങ്ങളുടെ ഭര്‍ത്താക്കന്മാരും മക്കളും ജീവിതത്തിന്റെ ഏറിയ പങ്കും ചിലവഴിച്ച പ്രവാസ ഭൂമിക നേരിട്ട് കാണുകയും വിവിധ സ്ഥാപനങ്ങളും കൂട്ടായ്മകളും സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും. ഫെബ്രുവരി 10 ന് നടക്കുന്ന പൗര സ്വീകരണത്തില്‍ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരുമടക്കം നിരവധി പേര്‍ പങ്കെടുക്കും. ചടങ്ങില്‍ 10 ദമ്പതികളെയും അഞ്ച് അമ്മമാരെയും ആദരിക്കും.

2018ല്‍ 10 ഇണകള്‍ക്ക് ഖത്തറിലേക്ക് തങ്ങളുടെ ഭര്‍ത്താക്കന്മാരെ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കി ആരംഭിച്ച ഫോര്‍ മൈ ലവ് ഓരോ വര്‍ഷവും ഓരോ ദമ്പതിമാരെ വീതം വര്‍ദ്ധിപ്പിച്ച് 2025 ല്‍ പതിനാലു പേര്‍ക്ക് അവസരം നല്‍കുകയുണ്ടായി. ഖത്തര്‍ പ്രവാസി സമൂഹത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് ഇത്തവണ അര്‍ഹരായ 5 അമ്മമാരെ കൂടി പരിപാടിയുടെ ഭാഗമാക്കിയത് എന്ന് സംഘാടകരായ റേഡിയോ മലയാളം അറിയിച്ചു. കുടുംബം ഉണ്ടായിരിക്കെ തന്നെ നിരവധി പതിറ്റാണ്ടുകള്‍ പ്രവാസത്തില്‍ ഒറ്റക്ക് ജീവിക്കേണ്ടിവരുന്ന പ്രവാസികള്‍ക്കുള്ള ആദരവും കൂടിയാണ് ഫോര്‍ മൈ ലവ്. മാതൃരാജ്യത്തെ രൂപപ്പെടുത്തുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ച ആദ്യകാല പ്രവാസത്തെ പുതിയ തലമുറ അംഗീകരിക്കുകയും അവരുടെ ത്യാഗത്തെ ആദരിക്കുകയും ചെയ്യുക എന്നതാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ പ്രചോദനമാകുന്നതെന്നും ഈ പരിപാടിയുടെ വിജയത്തില്‍ ഖത്തറിലെ മുഴുവന്‍ പ്രവാസ സമൂഹവും വഹിക്കുന്ന പങ്ക് കൃതജ്ഞതാപൂര്‍വ്വം ഓര്‍മ്മിക്കുകയാണെന്നും സംഘാടകര്‍ പറഞ്ഞു.

ചുരുങ്ങിയത് ഇരുപത്തിയഞ്ച് വര്‍ഷമെങ്കിലുമായി ഖത്തറില്‍ തൊഴിലെടുക്കുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ നൂറ് കണക്കിന് അപേക്ഷകളില്‍ നിന്നും റേഡിയോ ശ്രോതാക്കള്‍ നാമനിര്‍ദ്ദേശം ചെയ്യുന്നവരുടെ ഭാര്യമാരാണ് ഇത്തവണ ഖത്തറിലെത്തുന്നത്.

റേഡിയോ മലയാളം & ക്യുഎഫ് എം വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.സി.അബ്ദുല്‍ ലത്തീഫ്, സി ഇ ഒ അന്‍വര്‍ ഹുസൈന്‍, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ നൗഫല്‍ അബ്ദുറഹ്‌മാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു.