സ്മൃതി സംഗമം 2026: ജി. കാര്‍ത്തികേയന്‍, തലേക്കുന്നില്‍ ബഷീര്‍ അനുസ്മരണം

ദോഹ: മണ്‍മറഞ്ഞ കോണ്‍ഗ്രസ് നേതാക്കളായ, മുന്‍ കേരളാ നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെയും, മുന്‍ എം.പി തലേക്കുന്നില്‍ ബഷീറിന്റെയും സ്മരണ പുതുക്കി, ഇന്‍കാസ് ഖത്തര്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്മൃതി സംഗമം സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് കാഞ്ചാനി ഹാളില്‍ നടന്ന ‘സ്മൃതി സംഗമം 2026’ ല്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും, മുന്‍ എം.എല്‍.എയുമായ കെ.എസ്.ശബരിനാഥന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കേരള രാഷ്ട്രീയത്തിന് കൃത്യമായ ദിശാബോധം നല്‍കിയ ഇരു നേതാക്കളുടെയും പ്രവര്‍ത്തനങ്ങള്‍ വരും തലമുറയ്ക്ക് മാതൃകയാണെന്ന് അദ്ദേഹം അനുസ്മരിച്ചു.
ഇന്‍കാസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മുനീര്‍ പള്ളിക്കല്‍ അധ്യക്ഷത വഹിച്ചു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് താജുദ്ദീന്‍ ചീരക്കുഴി ഉദ്ഘാടനം ചെയ്തു. ഐ.സി.സി പ്രസിഡന്റ് എ.പി.മണികണ്ഠന്‍, ഇന്‍കാസ് ഖത്തര്‍ മുഖ്യ രക്ഷാധികാരി ഹൈദര്‍ ചുങ്കത്തറ, രക്ഷാധികാരി കെ.കെ.ഉസ്മാന്‍, ജനറല്‍ സെക്രട്ടറി കെ.വി. ബോബന്‍, ഐ.സി.സി ജനറല്‍ സെക്രട്ടറി അബ്രഹാം കെ.ജോസഫ്, ഐ.എസ്.സി സെക്രട്ടറി ബഷീര്‍ തൂവാരിക്കല്‍, ജയപാല്‍ മാധവന്‍, അന്‍വര്‍ സാദത്ത്, ഷിബു സുകുമാരന്‍, സൂരജ് പോത്തന്‍കോട്, ഫൈസല്‍ ഹസ്സന്‍, ലേഡീസ് വിംഗ് പ്രസിഡന്റ് സിനില്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രിയ നേതാക്കളെ അനുസ്മരിച്ച് സംസാരിച്ചു. പ്രവാസ ലോകത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇന്‍കാസിന്റെ സജീവ സാന്നിധ്യം ഉറപ്പാക്കുന്നതിനും ഇത്തരം സ്മരണകള്‍ ഊര്‍ജ്ജം പകരുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും, യൂത്ത് വിംഗ്- ലേഡീസ് വിംഗ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
ഇന്‍കാസ് തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി ശങ്കര്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് സലിം കല്ലറ നന്ദിയും പറഞ്ഞു.


