IM Special
എന്തിനീ പോര്‍വിളികള്‍?

ആയിഷ സൈബുല്‍ , അസ്റ്റ സോള്‍
അനിശ്ചിതത്വത്തിന് കാര്‍മേഘമാലകള്‍-
തൊട്ടുരുമ്മീടുന്ന വാനിന് കീഴെ,
സുന്ദരസുലഭമീ ഭൂമിതന്‍ മാറില്‍
എന്തിനീ മനുഷ്യര്‍ തമ്മിലടിക്കുന്നു?
ഒത്തൊരുമിച്ചൊന്നു വാഴുവാന്‍ നൂറായിരം
മുത്തുപോലുള്ള കാരണങ്ങളുണ്ടല്ലോ..
എങ്കിലും സ്നേഹം വറ്റിയ മനസ്സുമായ്
എന്തിനു രക്തപ്പുഴയൊഴുക്കുന്നു നാം?
അതിരുകള്‍ തീര്‍ക്കുന്ന കന്മതിലുകള്ക്കുള്ളില്
അപരനെ ശത്രുവായ് കണ്ടുഴലുന്നു..
ഒരേ സൂര്യന്റെ വെട്ടവും ശ്വാസവും
നുകരും നാം ഭ്രാന്തമായ് പോരടിക്കുന്നു
കണ്ണീരുപ്പൊഴുകുന്ന മണ്ണിലൊരു നേരം
സ്നേഹത്തിന് വിത്തുകള്‍ പാകിടാം നമുക്ക്..
ഇരുളുന്ന മാലോകര്ക്കേകാം തിരിവെട്ടം,
ഒന്നാണെന്ന സത്യം വിളിച്ചോതിടാം

