ഇന്ന് ഡിസംബര്‍ 23, ദേശീയ കര്‍ഷക ദിനം
ഡോ. അമാനുല്ല വടക്കാങ്ങര
ഇന്ന് ഡിസംബര്‍ 23, ദേശീയ കര്‍ഷക ദിനം. ഇന്ത്യയിലെ ദേശീയ കര്‍ഷക ദിനം ഹിന്ദിയില്‍ കിസാന്‍ ദിവസ് എന്നും അറിയപ്പെടുന്നു. എല്ലാ വര്‍ഷവും ഡിസംബര്‍ 23 നാണ് ഇന്ത്യയില്‍ ദേശീയകര്‍ഷകദിനം ആഘോഷിക്കുന്നത്.
ഇന്ത്യന്‍ കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നിരവധി നയങ്ങള്‍ അവതരിപ്പിച്ച ഒരു കര്‍ഷക നേതാവ് കൂടിയായിരുന്ന ഇന്ത്യയുടെ ഏഴാാമത് പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്ങിന്റെ ജന്മദിനമാണ് കര്‍ഷക ദിനമായി ആചരിക്കുന്നത്. ഒരു കര്‍ഷകനായി അറിയപ്പെടാന്‍ ആഗ്രഹിച്ച അദ്ദേഹം കൃഷിക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടപ്പാക്കിയത്. അദ്ദേഹത്തിന്റെ സമാധി കിസാന്‍ ഘട്ട് എന്നാണ് അറിയപ്പെടുന്നത്.
വിവിധ പരിപാടികള്‍, സംവാദങ്ങള്‍, സെമിനാറുകള്‍, ക്വിസ് മത്സരങ്ങള്‍, ചര്‍ച്ചകള്‍, വര്‍ക്ക് ഷോപ്പുകള്‍, എക്‌സിബിഷനുകള്‍, ഉപന്യാസ രചന മത്സരങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിച്ചാണ് ഇത് ആഘോഷിക്കുന്നത്. ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കിമപ്പുറം കര്‍ഷകരുടെ ക്ഷേമത്തിനായി എന്ത് ക്രിയാത്മക നടപടികളാണ് നാം സ്വീകരിക്കുന്നത് എന്നതാണ് ഏറ്റവും പ്രസക്തമായിട്ടുള്ളത്
ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്. മഹാ ഭൂരിഭാഗം പേരും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ഒരു സമൂഹമാണ് ഇന്ത്യയിലുള്ളത്. ഇന്ത്യന്‍ കാര്‍ഷിക വിഭവങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരം നേടുകയും വലിയ കയറ്റുമതി സാധ്യതകള്‍ തുറക്കുകയും ചെയ്യുമ്പോഴും കര്‍ഷകരുടെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങള്‍ ഇപ്പോഴും ആശാവഹമല്ല എന്നതാണ് യാഥാര്‍ഥ്യം.
രാജ്യത്തെ ഭക്ഷിപ്പിക്കുന്ന കര്‍ഷകരെ സംരക്ഷിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ലാഭകരമല്ലാത്ത കൃഷി സംവിധാനങ്ങളും സാമ്പത്തിക നയങ്ങളും കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിക്കുമ്പോള്‍ ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നത് എന്നത് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്.
കര്‍ഷകരോട് മാനുഷികവും ഗുണകാംക്ഷാപരവുമായ സമീപനമാണ് വേണ്ടത്. കാര്‍ഷിക ഉത്തേജക പാക്കേജുകളും കര്‍ഷക സഹായപദ്ധതികളും നടപ്പാക്കി കര്‍ഷകസമൂഹത്തെ സജീവമാക്കി നിര്‍ത്തുകയാണ് കാലഘട്ടത്തിന്റെ ആവശ്യം. ദൗര്‍ഭാഗ്യവശാല്‍ കര്‍ഷക വിരുദ്ധ നയങ്ങളുടെ പേരില്‍ പതിനായിരങ്ങള്‍ തെരുവില്‍ സമരം ചെയ്യുന്ന സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ കര്‍ഷകദിനമാചരിക്കുന്നത്

Comments are closed.