Breaking News

ഗള്‍ഫ് ഐക്യത്തിന്റെ വസന്തോല്‍സവമായിനാല്‍പത്തിയൊന്നാമത് ഗള്‍ഫ് ഉച്ചകോടി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. സൗദി തലസ്ഥാനമായ റിയാദിലെ പൈതൃക ഭൂമിയായ അല്‍ ഉലയില്‍ നാളെ നടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) നാല്‍പത്തൊന്നാം ഉച്ചകോടി ഗള്‍ഫ് ഐക്യത്തിന്റെ വസന്തോല്‍സവമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതാദ്യമായാണ് ചരിത്ര പ്രസിദ്ധമായ അല്‍ ഉല ഒരു രാജ്യാന്തര സമ്മേളനത്തിന് വേദിയാകുന്നത്.
ഗള്‍ഫ് മേഖലയിലെന്നല്ല മുഴുവന്‍ ലോകത്തിനും ആശ്വാസം നല്‍കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഖത്തറിനും സൗദി അറേബ്യയ്ക്കും ഇടയിലുള്ള വായു, കടല്‍, കര അതിര്‍ത്തികള്‍ തുറന്നതായാണ് റിപ്പോര്‍ട്ടുകള്‍
സഹോദര രാജ്യങ്ങള്‍ തമ്മിലുള്ള ഉപരോധം അവസാനിക്കുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. മൂന്നര വര്‍ഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന ഖത്തറിനും സൗദി അറേബ്യയ്ക്കും ഇടയിലുള്ള വായു, കടല്‍, കര അതിര്‍ത്തികള്‍ തുറന്നേതോടെ മറ്റു ഉപരോധ രാജ്യങ്ങളും സമാന നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


നാളെത്തെ ഉച്ചകോടിയില്‍ മധ്യപൗരസ്ത്യ ദേശത്തെ രാഷ്ട്രീയ, വിദേശ കാര്യങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഖത്തറിനെതിരായ ഉപരോധം നീക്കലിന് പുറമേ, ഇറാനുമായുളള്ള ഗള്‍ഫ് രാജ്യങ്ങളുടെ ബന്ധം, കൊറോണ പ്രതിസന്ധി തുടങ്ങി മേഖലയില്‍ പരസ്പര താല്‍പര്യമുള്ള വിഷയങ്ങളും ഉച്ചകോടില്‍ ചര്‍ച്ചയായേക്കും. ഗള്‍ഫ് പ്രതിസന്ധിക്കു പരിഹാരമായാല്‍ അതു ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വന്‍ ചലനങ്ങളായിരിക്കും സൃഷ്ടിക്കുക.

അതുകൊണ്ടുതന്നെ പതിവില്‍നിന്നു വ്യത്യസ്തമായ വാര്‍ത്താ പ്രാധാന്യമാണ് നാളെ നടക്കുന്ന ഉച്ചകോടിക്കു ലഭിച്ചിട്ടുള്ളത്. ഗള്‍ഫ് മേഖല മഹാമാരിയുടെ പിടിയില്‍നിന്ന് മുക്തമായി വരികയാണെന്നും രാഷ്ട്ര ബന്ധങ്ങള്‍ ദൃഢീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഉച്ചകോടി സാക്ഷിയാകുമെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ നായിഫ് അല്‍ ഹജ്‌റഫ് പറഞ്ഞു.
ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന സൗദി അറേബ്യയുടെ ഭരണാധികാരി സല്‍മാന്‍ രാജാവ് എല്ലാ അംഗരാഷ്ട്രങ്ങളേയും നേരില്‍ ക്ഷണിച്ചിട്ടുണ്ട്. ഖത്തര്‍ അടക്കം എല്ലാ രാഷ്ട്രത്തലവന്മാരും ഉച്ചകോടിക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗള്‍ഫ് ഐക്യം കൂടുതല്‍ ശക്തവും സുദൃദമാക്കുന്ന ഉച്ചകോടിയായിരിക്കുമിതെന്നാണ് പ്രതീക്ഷ

Comments are closed.