Breaking News

ഖത്തറില്‍ കോവിഡിന്റെ രണ്ടാം തരംഗമില്ല.ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ കോവിഡിന്റെ രണ്ടാം തരംഗമില്ലെന്നും കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതില്‍ ഖത്തര്‍ നിരവധി ആഴ്ചകളായി സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നും പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി അഭിപ്രായപ്പെട്ടു. ഖത്തര്‍ ഹെല്‍ത്ത് 2021 വെര്‍ച്വല്‍ കോണ്‍ഫറന്‍സിലെ ഉദ്ഘാടന പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

വൈറസ് പടര്‍ന്നുപിടിക്കുന്ന കേസുകള്‍ കൂടുതലും കുടുംബം, സാമൂഹിക ഒത്തുചേരലുകള്‍, അല്ലെങ്കില്‍ പങ്കിട്ട താമസ സ്ഥലങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി, ഫലപ്രദമായ നിരീക്ഷണത്തിലൂടെയും കേസ് ട്രാക്കിംഗിലൂടെയും ഇത് നിയന്ത്രിക്കാന്‍ കഴിയുന്നു എന്നതിനര്‍ത്ഥം ‘ഞങ്ങള്‍ പൂര്‍ണ്ണമായും’ രണ്ടാമത്തെ തരംഗത്തിന്റെ ഭീഷണിയില്‍ നിന്ന് സുരക്ഷിതമാണ് എന്നാണെന്ന് മന്ത്രി അവകാശപ്പെട്ടു.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെയും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടേയും നേതൃത്വത്തില്‍ കോവിഡ് ഭീഷണിയില്‍ നിന്ന് ഖത്തറിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ ഒരു തന്ത്രം അവതരിപ്പിക്കാനാണ് ആരോഗ്യമേഖല സര്‍ക്കാരുമായി സഹകരിച്ച് പരിശ്രമിച്ചത്.

2020 മെയ് മാസത്തിലാണ് ഖത്തര്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകള്‍ അഭിമുഖീകരിച്ചത്. ധാരാളം കേസുകള്‍ ഉണ്ടായിരുന്നിട്ടും ആശുപത്രികളും ഐസിയുവുകളും ഉള്‍പ്പെടെയുള്ള നമ്മുടെ ആരോഗ്യസംവിധാനം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മരണ നിരക്ക് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞതായി നിലനിര്‍ത്താനായത് ഖത്തറിന്റെ നേട്ടമാണെന്ന് അവര്‍ പറഞ്ഞു.

Comments are closed.