Breaking News

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 204 പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 204 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 198 പേരാണ് പിടിയിലായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

മൊബൈല്‍ ഫോണില്‍ ഇഹ് തിറാസ് ആപ്‌ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തവരാണ് പിടികൂടിയ മറ്റ് 6 പേര്‍. ഖത്തറിലെ കോവിഡ് നിയന്ത്രണത്തിന്റേയും പ്രതിരോധത്തിന്റേയും സുപ്രധാനമായ ഇഹ് തിറാസ് ആപ്‌ളിക്കേഷന്‍ എല്ലാവരും ഡൗണ്‍ ലോഡ് ചെയ്യല്‍ നിര്‍ബന്ധമാണ് . ഇഹ് തിറാസില്‍ ആരോഗ്യ സ്റ്റാറ്റസ് പച്ചയുള്ളവര്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് നിയമം.

പിടികൂടിയവരെയെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

മഹാമാരിയെ പ്രതിരോധിക്കേണ്ടത് കൂട്ടുത്തരവാദിത്തമാണെന്നും പ്രോട്ടോക്കോളുകള്‍ കണിശമായി പാലിച്ച് ഈ ദൗത്യത്തില്‍ പൊതുജനം സഹകരിക്കണമെന്നും അധികൃതര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു.