Breaking News

ഖത്തറില്‍ വിസ നിയമം ലംഘിച്ച വിദേശികള്‍ക്ക് തങ്ങളുടെ നിയമപരമായ സ്റ്റാറ്റസ് ശരിയാക്കാനുള്ള ഗ്രേസ് പിരിയഡ് 2022 മാര്‍ച്ച് 31 വരെ നീട്ടി

ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ വിദേശികള്‍ക്ക് തങ്ങളുടെ നിയമപരമായ സ്റ്റാറ്റസ് ശരിയാക്കാന്‍ ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഗ്രേസ് പിരിയഡ് 2022 മാര്‍ച്ച് 31 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
2015-ലെ നിയമ നമ്പര്‍ (21)ലെ വ്യവസ്ഥകള്‍ ലംഘിച്ച പ്രവാസികള്‍ക്കായി ഒക്ടോബര്‍ 10 ന് നിലവില്‍ വന്ന ഗ്രേസ് പിരിയഡ് 2021 ഡിസംബര്‍ 31-ന് അവസാനിക്കേണ്ടതായിരുന്നു. ഇതാണ് മൂന്ന് മാസംനീട്ടി മന്ത്രാലയം ഉത്തരവ് പുറപ്പെടിവിച്ചത്.

ഗ്രേസ് പിരിയഡിന്റെ ആനുകൂല്യം സ്വീകരിച്ച് വിസ സ്റ്റാറ്റസ് ശരിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് ഡിപ്പാര്‍ട്ട്മെന്റിലോ, ഉമ്മു സലാല്‍ , ഉമ്മു സുനൈം മിസൈമീര്‍ അല്‍ വക്ര, അല്‍ റയ്യാന്‍ എന്നീ സര്‍വീസസ് സെന്ററുകളിലോ ബന്ധപ്പെടണം.

റസിഡന്‍സി നിയമങ്ങള്‍, തൊഴില്‍ വിസ നിയമം അല്ലെങ്കില്‍ ഫാമിലി വിസിറ്റ് വിസ നിയമം എന്നിവ ലംഘിച്ച പ്രവാസികള്‍ക്ക് ഈ കാലയളവില്‍ അവരുടെ നിയമപരമായ സ്റ്റാറ്റസ് ശരിപ്പെടുത്താന്‍ അപേക്ഷ സമര്‍പ്പിക്കാം. നിയമ നടപടിക്രമങ്ങള്‍ ഒഴിവാക്കാനും അനുരഞ്ജനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനുമാണ് സാവകാശം നല്‍കിയിരിക്കുന്നത്. ഉച്ചയ്ക്ക് 1 മണി മുതല്‍ 6 മണി വരെ നിശ്ചിത കാലയളവില്‍ അനുരഞ്ജനത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിലെ താമസ നിയമം, തൊഴില്‍ വിസ നിയമം, ഫാമിലി വിസിറ്റ് വിസ നിയമം മുതലായ ലംഘിച്ച് അനധികൃതമായി താമസിക്കുന്നവര്‍ക്ക് അവരുടെ താമസ രേഖകള്‍ ശരിപ്പെടുത്തുവാനുള്ള പ്രത്യേക അവസരമാണിത്. അനധികൃത തൊഴിലാളികള്‍ക്കും താമസക്കാര്‍ക്കും ഭീമമായ പിഴകള്‍ കൂടാതെ തങ്ങളുടെ സ്റ്റാറ്റസ് ശരിപ്പെടുത്താനുള്ള സുവര്‍ണാവസരമാണ് ആഭ്യന്തര മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.