Archived Articles

ഐന്‍ ഖാലിദില്‍ പുതിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഖത്തറിനൊപ്പം ലുലു ഹൈപ്പര്‍മാര്‍ക്കറ്റും. ലുലു ഗ്രൂപ്പിന്റെ ഖത്തറിലെ പതിനെട്ടാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്നലെ ഐന്‍ ഖാലിദില്‍ പ്രവര്‍ത്തനമാരംഭിച്ചു.


ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ വ്യവസായ പ്രമുഖന്‍ അബ്ദുല്ല ബിന്‍ ഹസന്‍ അല്‍താനിയും ശൈഖ് ഫലാഹ് ബിന്‍ അലി ബിന്‍ ഖലീഫ അല്‍താനിയും സംയുക്തമായാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

150,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഐന്‍ ഖാലിദ് ഏരിയയിലുള്ള ഉപഭോക്താക്കള്‍ക്ക് സവിശേഷമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കും. ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഏറ്റവും ആകര്‍ഷകമായ വിലയില്‍ ഇവിടെനിന്നും ലഭ്യമാകും . വിപുലമായ ഗ്രോസറി വിഭാഗം, ലുലു കണക്ട് ഇലക്ട്രോണിക്‌സ് സ്റ്റോര്‍, ബ്രാന്‍ഡഡ് പെര്‍ഫ്യൂമുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, മേക്കപ്പ്, ബ്യൂട്ടി ലൈന്‍, കണ്ണട ബ്രാന്‍ഡായ ഐഎക്‌സ്പ്രസ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.


ഖത്തറില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറക്കാനായതില്‍ സന്തോഷമുണ്ടെന്നും ഈ വര്‍ഷം മൂന്ന് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി തുറക്കുമെന്നും യൂസുഫലി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ലോക കപ്പ് ഫിഫ ഫാന്‍സോണില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒക്ടോബറില്‍ പ്രവര്‍ത്തനനമാരംഭിക്കും.


വിവിധ രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍, വാണിജ്യ പ്രമുഖര്‍, സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യം ഉദ്ഘാടന ചടങ്ങ് സവിശേഷമാക്കി.