Archived Articles

ദോഹ: ലീഡ് മൂന്നാം വാര്‍ഷികവും പുഷ് അപ്സ്’ ചാമ്പ്യനുമായുള്ള സംവാദവും നാളെ

അമാനുല്ല വടക്കാങ്ങര

ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി യൂത്ത് വിങിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നേതൃത്വ പഠന പരിശീലന പരിപാടിയായ ‘ലീഡ്’ സെഷന്‍ തുടര്‍ച്ചയായ മുപ്പത്തി ആറ് മാസാന്ത സെഷനുകള്‍ പൂര്‍ത്തിയാക്കി നാലാം വര്‍ഷത്തിലേക്ക് കടക്കുന്നു.

മലപ്പുറം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കെഎംസിസി പ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന ‘ലീഡ്’ പദ്ധതിയുടെ ഭാഗമായി അംഗങ്ങളുടെ സമഗ്രമായ നേതൃഗുണവികസനമാണ് ലക്ഷ്യമിടുന്നത്. മുപ്പത്തി ആറാമത് ‘ലീഡ്’ സെഷനും മൂന്നാം വാര്‍ഷികവും വെള്ളിയാഴ്ച രാവിലെ 8 മണിക്ക് തുമാമ കെഎംസിസി ഓഫീസില്‍ വെച്ച് നടക്കും.

കൂടുതല്‍ പുഷ് അപ്സ് നടത്തി ഇന്റര്‍നാഷണല്‍ ബുക് ഓഫ് റെക്കോര്‍ഡിന്റെ അംഗീകാരം സ്വന്തമാക്കിയ ഷഫീഖ് മുഹമ്മദ് ‘ലീഡ്’ അംഗങ്ങളുമായി ‘പ്രവാസികളും ആരോഗ്യ സംരക്ഷണവും’ എന്ന വിഷയത്തില്‍ സംവദിക്കും. ‘ലീഡ്’ ക്യാപ്റ്റന്‍ ഇബ്രാഹീം കല്ലിങ്ങല്‍ നേതൃത്വം നല്‍കുന്ന സെഷനില്‍ മൂസ താനൂര്‍, ഉമറുല്‍ ഫാറൂഖ് പെരിന്തല്‍മണ്ണ, സലിം റഹ്‌മാനി, ഹനീഫ താനൂര്‍, ബഷീര്‍ കൊടക്കാട്, അബ്ദുല്‍ മുസവ്വിര്‍, ശഹീദലി, ഫൈസല്‍ കോട്ടക്കല്‍ തുടങ്ങിയവര്‍ വ്യത്യസ്ത പരിപാടികള്‍ അവതരിപ്പിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മലപ്പുറം ജില്ലയില്‍ നിന്നുളള കെഎംസിസി പ്രവര്‍ത്തകര്‍ക്ക് 55928442 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്