Archived Articles

ലെബനീസ് പോപ്പ് താരം നാന്‍സി അജ്‌റാം സെപ്തംബര്‍ 29 ന് മാള്‍ ഓഫ് ഖത്തറില്‍ പാടും

അമാനുല്ല വടക്കാങ്ങര

ദോഹ: പ്രശസ്ത ലെബനീസ് ഗായികയും സെന്‍സേഷണല്‍ പോപ്പ് താരവുമായ നാന്‍സി അജ്റാം സെപ്റ്റംബര്‍ 29 വ്യാഴാഴ്ച മാള്‍ ഓഫ് ഖത്തറില്‍ നടക്കുന്ന പ്രത്യേക സംഗീത കച്ചേരിയില്‍ പാടും.

അറബ് പോപ്പിന്റെ രാജ്ഞി’ എന്ന് സ്പോട്ടിഫൈ വിശേഷിപ്പിക്കുന്ന നാന്‍സി അജ്റാം രാത്രി 9 മണിക്ക് മാള്‍ ഓഫ് ഖത്തറിലെ കൂറ്റന്‍ ഒയാസിസ് സ്റ്റേജിലേക്ക് തന്റെ ചില ഹിറ്റ് ഗാനങ്ങളിലൂടെ ആരാധകരെയും സംഗീത പ്രേമികളെയും സംഗീതാസ്വാദനത്തിന്റെ വിസ്മയകരമായ അനുഭവങ്ങളിലേക്ക് ആനയിക്കും.

മള്‍ട്ടി-പ്ലാറ്റിനം ആല്‍ബം വില്‍പ്പനയിലൂടെ സംഗീതലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച ടെലിവിഷന്‍ വ്യക്തിത്വവും, യുനിസെഫ് ഗുഡ്വില്‍ അംബാസഡറുമായ അജ്റാമിന്റെ സംഗീത കച്ചേരി നേരിട്ടാസ്വദിക്കാന്‍ ഖത്തര്‍ നിവാസികള്‍ക്ക് ലഭിക്കുന്ന അസുലഭ സന്ദര്‍ഭമാകുമിത്.

ഉപഭോക്തൃ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ലോകപ്രശസ്ത കലാകാരന്മാരെയും ഷോകളെയും കൊണ്ടുവരുന്നതിനുള്ള മാള്‍ ഓഫ് ഖത്തറിന്റെ സമഗ്ര പദ്ധതിയുടെ ഭാഗമാണ് ഈ സംഗീത കച്ചേരി.