Breaking News

റെക്കോര്‍ഡുകള്‍ ഭേദിച്ച് കിലിയന്‍ എംബാപ്പെ

റഷാദ് മുബാറക്

ദോഹ. കഴിഞ്ഞ ദിവസം പോളണ്ടിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടിയ ഫ്രാന്‍സ് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ ലോകകപ്പ് ചരിത്രത്തിലെ തന്നെ പല റെക്കോര്‍ഡുകളും ഭേദിച്ച് തന്റെ പേരില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിക്കുകയാണ് . ഖത്തര്‍ ലോകകപ്പില്‍ ഇതുവരെയുള്ള മല്‍സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ എംബാപ്പെ 23 വയസ്സിനുള്ളില്‍ രണ്ട് ലോകകപ്പുകളിലായി 9 ഗോളുകള്‍ നേടിയ താരമാണ് .

24 വയസ്സിന് മുമ്പ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ റിക്കോര്‍ഡ് പോലും മറികടക്കുന്നുവെന്നതാണ് എംബാപ്പെയെ കൂടുതല്‍ ശ്രദ്ധേയനാക്കുന്നത്. പെലെ നേടിയ 8 ഗോളുകളെ മറികടന്ന് 9 ഗോളുകള്‍ നേടിയാണ് എംബാപ്പെയുടെ ജൈത്രയാത്ര.

ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ഡീഗോ മറഡോണ, ക്രിസ്ത്യാനോ റോണാള്‍ഡോ, സുവാരസ്, സിനദീന്‍ സിദാനെ, നയ്മര്‍, തുടങ്ങിയവരേക്കാളും കൂടുതല്‍ ഗോളുകള്‍ കുറഞ്ഞ സമയം കൊണ്ട് സ്വന്തമാക്കിയും എംബാപ്പെ മുന്നേറുകയാണ് .
35 കാരനായ മെസ്സിയുടെ ലോകകപ്പ് ഗോളുകളോട് 23 വയസ്സില്‍ തന്നെ തുല്യമെത്തിയെന്നതും എംബാപ്പെയുടെ നേട്ടത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നു