Local News

ഫോര്‍ മൈ ലവ്- 13 ദമ്പതിമാര്‍ക്ക് പ്രവാസ സമൂഹത്തിന്റെ സ്‌നേഹ സ്വീകരണം


അമാനുല്ല വടക്കാങ്ങര

ദോഹ: പതിറ്റാണ്ടുകളായി പ്രവാസ ജീവിതം നയിച്ചിട്ടും ഒരിക്കല്‍ പോലും സ്വന്തം ജീവിത പങ്കാളിക്ക് തങ്ങള്‍ ജീവിക്കുന്ന പ്രവാസ നാട് കാണിച്ചു കൊടുക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത 13 പ്രവാസികള്‍ക്കും അവരുടെ ഭാര്യമാര്‍ക്കും ഖത്തറിലെ പ്രവാസ സമൂഹം ഗംഭീര സ്വീകരണം നല്‍കി.

പ്രതികൂല ജീവിത സാഹചര്യങ്ങള്‍ മൂലം പതിറ്റാണ്ടുകള്‍ തങ്ങളുടെ കുടുംബങ്ങളില്‍ നിന്നും അകലെ ജീവിക്കേണ്ടി വരുന്ന പ്രവാസികളില്‍ നിന്നും ഏതാനും പേര്‍ക്ക് തങ്ങളുടെ പ്രിയ ഭാര്യമാരെ ആദ്യമായി കുറച്ചു ദിവസത്തേക്കെങ്കിലും ഖത്തറിലേക്ക് കൊണ്ടുവരാനും ഒരുമിച്ച് ഖത്തര്‍ കാണാനും അവസരമൊരുക്കിയത് ഖത്തറിലെ ജനകീയ റേഡിയോ – റേഡിയോ മലയാളം 98.6 എഫ് എമ്മും ഏതാനും വാണിജ്യ സ്ഥാപനങ്ങളും ചേര്‍ന്നാണ്. 2018 ല്‍ തുടക്കമിട്ട ഫോര്‍ മൈ ലവ് – ഞാനും ഞാനുമെന്റാളും എന്ന പരിപാടിയുടെ നാലാം സീസണാണ് മാര്‍ച്ച് ഒന്നു മുതല്‍ എട്ടുവരെ നടക്കുന്നത്.

ദോഹ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ഇരുന്നൂറിലേറെ ക്ഷണിക്കപ്പെട്ടവര്‍ പങ്കെടുത്ത സ്വീകരണ പരിപാടിയില്‍ 13 ദമ്പതിമാരെയും അഞ്ച് ദീര്‍ഘകാല പ്രവാസികളെയും ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ആദരിച്ചു.

തലമുറകളെ വാര്‍ത്തെടുക്കാന്‍ സ്വന്തം ജീവിതം കൊണ്ട് ത്യാഗം ചെയ്ത ആദ്യകാല പ്രവാസികള്‍ എല്ലാവര്‍ക്കും പ്രചോദനവും അവരെ ആദരിക്കാനുള്ള ഏതൊരു ശ്രമവും ഏറെ അഭിനന്ദനാര്‍ഹവുമാണെന്ന് അംബാസഡര്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ നേര്‍സാക്ഷ്യം കൂടിയാണ് നമ്മുടെ ആദ്യകാല പ്രവാസികള്‍. ഒരു രാജ്യമെന്ന നിലയ്ക്ക് പതിറ്റാണ്ടുകള്‍ക്കുമുമ്പേ ഇന്ത്യക്കാരെ സ്വാഗതം ചെയ്ത ഖത്തര്‍ പ്രത്യേക കൃതജ്ഞതയര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നോര്‍ക്ക ഡയരക്ടര്‍ സി.വി. റപ്പായി, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ. പി. അബ്ദുറഹ്‌മാന്‍, ഐ ബി പി സി വൈസ് പ്രസിഡന്റ് കെ.പി. അശ്‌റഫ് എന്നിവര്‍ സംസാരിച്ചു. ഖത്തറിലെ ബിസിനസ് – മാധ്യമ- സാംസ്‌കാരിക – സംഘടനാ ഭാരവാഹികള്‍, പഴയ കാല പ്രവാസികള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ചുരുങ്ങിയത് ഇരുപത്തിയഞ്ച് വര്‍ഷമെങ്കിലുമായി ഖത്തറില്‍ തൊഴിലെടുക്കുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ നൂറ് കണക്കിന് അപേക്ഷകളില്‍ നിന്നും റേഡിയോ ശ്രോതാക്കള്‍ നാമനിര്‍ദ്ദേശം ചെയ്ത 13 പേരുടെ ഭാര്യമാരാണ് ഇത്തവണ ഖത്തറിലെത്തിയത്. മാര്‍ച്ച് മുതല്‍ 8 വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ ഭാഗമായി ദമ്പതികള്‍ക്ക് പ്രമുഖര്‍ പങ്കെടുക്കുന്ന പ്രവാസ മലയാളത്തിന്റെ പ്രത്യേക ആദരിക്കല്‍ ചടങ്ങിനു പുറമെ, ഖത്തറിലെ വിവിധ കൂട്ടായ്മകളും സ്ഥാപനങ്ങളും നല്കുന്ന സ്വീകരണങ്ങള്‍, രാജ്യത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനം, നിരവധി സമ്മാനങ്ങള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. 2018ലും 2019 ലും 2023 ലും യഥാക്രമം പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഭാര്യമാരെ കൊണ്ടുവന്നതിന്റെ തുടര്‍ച്ചയായാണ് സീസണ്‍ 4 സംഘടിപ്പിച്ചത്.

റേഡിയോ മലയാളം & ക്യുഎഫ് എം വൈസ് ചെയര്‍മാന്‍ കെ സി അബ്ദുല്‍ ലത്വീഫ്, സി ഇ ഒ അന്‍വര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡപ്യൂട്ടി ജനറല്‍ മാനേജര്‍ നൗഫല്‍ അബ്ദുറഹ്‌മാന്‍ നന്ദി പറഞ്ഞു. സംഗീത പരിപാടിയും അരങ്ങേറി.