Local News

ദോഹ റമദാന്‍ മീറ്റ് മാര്‍ച്ച് 29ന്;സ്വാഗതസംഘം രൂപീകരിച്ചു

ദോഹ: ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സി.ഐ.ഡി) സഹകരിച്ച് യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന പതിനൊന്നാമത് ദോഹ റമദാന്‍ മീറ്റ് മാര്‍ച്ച് 29 വെള്ളിയാഴ്ച നടക്കും. സമൂഹത്തില്‍ വിദ്വേഷവും വെറുപ്പും പടര്‍ന്നു കൊണ്ടിരിക്കുന്ന കാലത്ത് സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമുയര്‍ത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ ഏറ്റവും വലിയ റമദാന്‍ സംഗമത്തിന് അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ് വേദിയാകും. വൈകുന്നേരം നാലിന് ആരംഭിച്ച് ഇഫ്താര്‍ സംഗമത്തോടെ സമാപിക്കുന്ന റമദാന്‍ സംഗമത്തില്‍ ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം യുവാക്കള്‍ പങ്കെടുക്കും. യൂത്ത് ഫോറം പ്രസിഡന്റ് ചെയര്‍മാനും കേന്ദ്ര നിര്‍വാഹക സമിതി അംഗം അബ്ദുഷുകൂര്‍ ജനറല്‍ കണ്‍വീനറുമായി പരിപാടിയുടെ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. യൂത്ത് ഫോറം വൈസ് പ്രസിഡന്റുമാരായ ഫൈസല്‍ ടി.എ, ആരിഫ് അഹ്‌മദ് എന്നിവരെ അസി.കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു, മറ്റു കണ്‍വീനര്‍മാരും വകുപ്പുകളും: അഫ്‌സല്‍ ഹുസൈന്‍ (വെന്യൂ), ഷഫീഖ് കൊപ്പത്ത് (ലോജിസ്റ്റിക്‌സ്), നജീബ് തറി (ഭക്ഷണം), അമീന്‍ അര്‍ഷദ് (വളണ്ടിയര്‍), അജ്മല്‍ സാദിഖ് (രജിസ്‌ട്രേഷന്‍), അസ് ലം കെ.എ (പി.ആര്‍/ഗസ്റ്റ്), മുഹ്‌സിന്‍ (മീഡിയ).